മുംബൈ : മസ്ജിദുകളിൽ ഉച്ചഭാഷിണി നിരോധിച്ചില്ലെങ്കിൽ ഉച്ചഭാഷിണികളിലൂടെ ഹനുമാൻ ചാലിസ വായിക്കുമെന്ന മുന്നറിയിപ്പ് പ്രാവർത്തികമാക്കി നവനിർമ്മാൺ സേന. സംഘടനാ പ്രവർത്തകർ ഉച്ചഭാഷിണിയിലൂടെ ഹനുമാൻ ചാലിസ വായിച്ചു. ഖട്‌കോപ്പർ ഓഫീസിലായിരുന്നു സംഭവം.
മസ്ജിദുകളിൽ ഉച്ചഭാഷിണികളിലൂടെ ആസാൻ പ്രാർത്ഥന ചൊല്ലുന്നത് നിർത്തണമെന്നും, അല്ലെങ്കിൽ സമാന രീതിയിൽ ഹനുമാൻചാലിസ ചൊല്ലുമെന്നും നവനിർമ്മാൺ സേനാ നേതാവ് രാജ് താക്കറെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഓഫീസിൽ ഉച്ചഭാഷിണികൾവച്ച് പ്രവർത്തകർ ഹനുമാൻ ചാലിസ വായിച്ചത്. മസ്ജിദുകളിൽ ഉച്ചഭാഷിണികൾക്ക് വിലക്ക് ഏർപ്പെടുത്തുന്നതുവരെ ഹനുമാൻ ചാലിസ വായിക്കാനാണ് പ്രവർത്തകരുടെ തീരുമാനം. പ്രവർത്തകർ ഹനുമാൻ ചാലിസ വായിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇന്നലെ മുംബൈയിലെ ശിവജി പാർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് രാജ് താക്കറെ മസ്ജിദുകളിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്. ഉച്ചഭാഷിണികളിലൂടെ പ്രാർത്ഥന പറയേണ്ട ആവശ്യമില്ലെന്നും, അതിനാൽ ഇത് നിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അല്ലാത്ത പക്ഷം സമാന രീതിയിൽ ഹനുമാൻ ചാലിസ വായിക്കുമെന്ന് രാജ് താക്കറെ സർക്കാരിന് താക്കീത് നൽകുകയും ചെയ്തിരുന്നു.
















Comments