ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നാളെ മുതൽ പുതിയ 13 ജില്ലകൾ കൂടി നിലവിൽ വരും. ഇതോടെ സംസ്ഥാനത്തെ ആകെ ജില്ലകളുടെ എണ്ണം 26 ആകും. എല്ലാ പുതിയ ജില്ലകളും തിങ്കളാഴ്‌ച്ച മുതൽ നിലവിൽ വരുമെന്ന് ആന്ധ്രാപ്രദേശ് സർക്കാർ അറിയിച്ചു. നിലവിലുള്ള 13 ജില്ലകളിൽ ഓരോന്നിനേയും രണ്ടായി വിഭജിക്കുകയായിരുന്നു. ജനുവരി അവസാനവാരമാണ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ഇതുസംബന്ധിച്ച ഔദ്യോഗിക കരട് വിജ്ഞാപനം പുറത്തിറക്കിയത്.
പുതുതായി രൂപീകരിച്ച ജില്ലകളിലേക്ക് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ പുനഃസംഘടിപ്പിക്കുകയും കളക്ടർമാരെയും പോലീസ് സൂപ്രണ്ടുമാരെയും നിയമിക്കുകയും ചെയ്തു. 13 ജില്ലകളിലേയും ഉദ്ഘാടനം നാളെ ജഗൻ മോഹൻ റെഡ്ഡി നിർവ്വഹിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. നാളെ തന്നെ ജില്ലകളിലേക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ ചുമതലയേൽക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ശ്രീ സത്യസായി ബാബയുടെ ആശ്രമം സ്ഥിതിചെയ്യുന്ന പുട്ടപർത്തി ആസ്ഥാനമാക്കി ശ്രീ സത്യസായി എന്ന പേരിൽ പുതിയ ജില്ല പ്രഖ്യാപിച്ചു. തിരുപ്പതി ആസ്ഥാനമാക്കി ക്ഷേത്രനഗര ജില്ല ശ്രീബാലാജി എന്ന പേരിലും നിലവിൽ വന്നു. എൻടിആറിന്റെ പേരിൽ വിജയവാഡ ആസ്ഥാനമാക്കിയും പുതിയ ജില്ല പ്രഖ്യാപിച്ചു. ഗോത്രവർഗ്ഗകാർക്ക് വേണ്ടി പോരാടിയ അല്ലുരു സിതാരാമ രാജുവിന്റെ പേരിലും പുതിയ ജില്ലയുണ്ട്. പുതിയ ജില്ലകളുടെ ആസ്ഥാനവും പ്രഖ്യാപിച്ചിട്ടുണ്ട്.
ശ്രീകാകുളം, വിസിയനഗരം, മന്യം, അല്ലൂരി സീതാരാമ രാജു, വിശാഖപട്ടണം, അനകപള്ളി, കാക്കിനാഡ, കോണാ സീമ, ഈസ്റ്റ് ഗോദാവരി, വെസ്റ്റ് ഗോദാവരി, എല്ലുരു, കൃഷ്ണ, എൻടിആർ ജില്ല, ഗുണ്ടൂർ, ബാപ്റ്റാല, പൽനാഡു, പ്രകാശം, എസ്പിഎസ് നല്ലൂർ, കൂർനൂൽ, നന്ദ്യാൽ, അനന്തപുരം, ശ്രീ സത്യസായി ജില്ല, വൈഎസ്ആർ കഡപ്പ, അന്നമയ, ചിറ്റൂർ, ശ്രീബാലാജി. എന്നിങ്ങനെയാണ് 13 പുതിയ ജില്ലകളുടെ പേര്.
















Comments