ഇടുക്കി: തൊടുപുഴയിൽ ജപ്തി ചെയ്ത വീടിന്റെ വായ്പ തിരിച്ചടച്ച ബാങ്കിലെ ഇടത് ജീവനക്കാരുടെ സഹായം വേണ്ടെന്ന് ഗൃഹനാഥൻ അജേഷ്. സിപിഎമ്മുകാരും ജീവനക്കാരും തന്നെ അപമാനിച്ചവരാണെന്നും ഇവരുടെ സഹായം വേണ്ടെന്നും അജേഷ് പറഞ്ഞു. തെറ്റ് മറയ്‌ക്കാനാണ് ഇവരിപ്പോൾ രംഗത്ത് വന്നതെന്നും അദ്ദേഹം പറഞ്ഞു. അജേഷിന്റെ പെൺകുട്ടികളെ വീട്ടിൽ നിന്നും പുറത്താക്കിയാണ് ജപ്തി ചെയ്തിരുന്നത്.
മൂവാറ്റുപുഴ അർബൻ ബാങ്കിലെ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ അംഗങ്ങളായ ജീവനക്കാരാണ് വായ്പ തിരിച്ചടച്ചത്. സമൂഹമാദ്ധ്യമത്തിലൂടെ ബാങ്ക് ചെയർമാനായ ഗോപി കോട്ടമുറിക്കൽ വിവരം അറിയിക്കുകയും ചെയ്തിരുന്നു. ഗുരുതരമായ ഹൃദ്രോഗിയായ അജേഷ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ബാങ്ക് വീട് ജപ്തി ചെയ്തത്.
വീട് പണയംവെച്ച ഒരുലക്ഷം രൂപ കുടിശ്ശിക ആയതിനാലായിരുന്നു നടപടി. അജേഷ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആകുന്നത് വരെ സമയം ചോദിച്ചിരുന്നെങ്കിലും ബാങ്ക് അനുവദിച്ചിരുന്നില്ല. കുടുംബത്തിന്റെ അവസ്ഥ ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് ബാങ്ക് ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം. ശനിയാഴ്ചയാണ് മൂവാറ്റുപുഴയിലെ പായിപ്രയിൽ അജേഷിന്റെ വീട് മൂവാറ്റുപുഴ അർബൻ ബാങ്ക് അധികൃതർ ജപ്തി ചെയ്തത്.
















Comments