കാലം മായ്‌ക്കാത്ത മുറിവുകൾ ഇല്ല, അതുപോലെ തന്നെ ഫേസ്ബുക്ക് മറക്കാത്ത പോസ്റ്റുകളുമില്ല. ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ മനുഷ്യൻ വിളമ്പുന്ന ചില അബദ്ധങ്ങൾ കാലം എത്ര കഴിഞ്ഞാലും ഫേസ്ബുക്ക് മറക്കില്ല. ചില രാഷ്‌ട്രീയ നേതാക്കളും, സിനിമാ-സീരിയൽ താരങ്ങളും, എന്തിനേറെ പറയുന്നു സാധാരണക്കാരായ മനുഷ്യൻ പോലും പണ്ടെങ്ങോ ഇട്ടുപോയൊരു പോസ്റ്റിന്റെ പേരിൽ ട്രോൾ മഴ ഏറ്റുവാങ്ങാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ വർഷങ്ങൾക്ക് മുൻപ് ഒരു ഫേസ്ബുക്ക് പോസ്റ്റിട്ട് ട്രോൾ പെരുമഴ ഏറ്റുവാങ്ങുകയാണ് നമ്മുടെ മുൻ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്.
പാലങ്ങളുടെ നാട് എന്ന വട്ടപ്പേരുള്ള ആലപ്പുഴയിലെ പാലങ്ങളുടെ വികസനത്തെ കുറിച്ചാണ് മുൻമന്ത്രി പോസ്റ്റിട്ടത്. കൃത്യമായി പറഞ്ഞാൽ, 2018 ഏപ്രിൽ 27നാണ് ആലപ്പുഴയിലെ പാലങ്ങളുടെ വികസനത്തെ കുറിച്ച് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പ് പങ്കുവെയ്‌ക്കുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കിഴക്കിന്റെ വെനീസിലെ പാലങ്ങൾ ലോകോത്തര നിലവാരത്തിലേയ്‌ക്ക് ഉയർത്തുമെന്നും, ആലപ്പുഴയുടെ മുഖഛായ തന്നെ മാറ്റുമെന്നും എല്ലാമാണ് അദ്ദേഹം പറയുന്നത്. എന്നാൽ നാളിതുവരെയായിട്ടും കുറിപ്പിലുള്ള പാലത്തിന്റെ ഒരു കല്ല് പോലും നേരെയാക്കാൻ സാധിച്ചിട്ടില്ലെന്ന് ഓർക്കുമ്പോൾ, മുൻമന്ത്രിയുടെ വികസനം ഫേസ്ബുക്ക് കുറിപ്പിൽ ഒതുങ്ങിപ്പോയെന്ന നഗ്നസത്യമാണ് ഏവരും തിരിച്ചറിയുന്നത്.
പാലങ്ങളുടെ വികസനത്തെ കുറിച്ച് പറയുക മാത്രമല്ല, ഏത് തരത്തിലാണ് പാലം നിർമ്മിക്കാൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ആളുകൾക്ക് പാലത്തിന്റെ മാതൃക മനസിലാകുന്നതിനായി മനോഹരമായ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ആലപ്പുഴയിലൂടെ സഞ്ചരിക്കുന്ന ഒരു വ്യക്തിയും ഇന്നുവരെ അത്തരത്തിലൊരു പാലം നിർമ്മിച്ചതായോ, നിർമ്മാണത്തിലിരിക്കുന്നതായോ കണ്ടിട്ടില്ല. ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ച് അഞ്ച് വർഷം പിന്നിടുമ്പോൾ, അതിന് താഴെ ആളുകൾ കുറിക്കുന്ന അഭിപ്രായങ്ങൾക്ക് ഇന്നും ഒരു കുറവുണ്ടായിട്ടില്ല. അതാണ് പറയുന്നത് ഫേസ്ബുക്ക് ഒന്നും മറക്കില്ലെന്ന്…
തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പ്….
ആലപ്പുഴ പാലങ്ങളുടെ നഗരമാണ്. കനാലുകള്‍ക്ക് കുറുകെ ഒരു രണ്ടു ഡസന്‍ പാലങ്ങള്‍ എങ്കിലും ഉണ്ട് . ഓരോന്നിനും ഓരോ കഥയുണ്ട് . അവ…
Posted by Dr.T.M Thomas Isaac on Friday, April 27, 2018
‘2020ൽ പണി തീർത്തത് കൊണ്ട് ഇത്രയും മനോഹരമായ പാലത്തിലൂടെ യാത്ര ചെയ്യാൻ സാധിച്ചു.. ഇനിയും ഇതുപോലെ നമുക്ക് ഓരോ പണിയും സമയത്ത് തീർത്തു കാണിക്കാൻ മന്ത്രിസഭയിൽ താങ്കൾ ഇല്ലല്ലോ എന്നൊരു വിഷമമേ ഉള്ളു..’, ‘ഇങ്ങനെ ഡിസൈൻ വരയ്‌ക്കാൻ ആർക്കും കഴിയും പക്ഷെ അത് ഉണ്ടാക്കി കാണിക്കാൻ അറിയില്ലല്ലോ’, ‘പദ്ധതി കൊള്ളാം, പക്ഷേ ഇത് ആലപ്പുഴയാണ് എന്ന് ഓർക്കുക. ഒരു ബൈപ്പാസ് വരാൻ 40 കൊല്ലം കാത്തിരിക്കേണ്ടി വന്ന ആലപ്പുഴ..!’ എന്നിങ്ങനെ രസകരമായ അഭിപ്രായങ്ങളാണ് ആളുകൾ ഇന്നും പോസ്റ്റിന് താഴെ കുറിക്കുന്നത്. 2020ൽ പൂർത്തിയാകും എന്ന് പറഞ്ഞ പാലങ്ങളുടെ വികസനം ഇനിയും പൂർത്തിയായിട്ടില്ല. അതുകൊണ്ടുതന്നെ 2020 ഇതുവരെ ആയില്ലേ എന്നും ആളുകൾ ചോദിക്കുന്നു.
Comments