ന്യൂഡൽഹി: നവരാത്രി ആഘോഷ വേളയിൽ മത്സ്യ, മാംസ വിൽപ്പന ശാലകൾ എല്ലാം അടച്ചിടണമെന്ന് ദക്ഷിണ ഡൽഹി മുൻസിപ്പിൽ കോർപ്പറേഷൻ. ഏപ്രിൽ 11 വരെയുള്ള ദിവസങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. നിരോധനം കർശനമായി നടപ്പാക്കുമെന്ന് മേയർ മുകേഷ് സൂര്യൻ വ്യക്തമാക്കി. മാംസ വിൽപ്പന കേന്ദ്രങ്ങൾ അടച്ചിടുന്നത് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുകേഷ് സൂര്യൻ കമ്മീഷ്ണർ ഗ്യാനേഷ് ഭാരതിയ്‌ക്ക് കത്തയച്ചു.
ഉത്തരവ് ആരുടേയും വ്യക്തിസ്വാതന്ത്ര്യത്തെ ലംഘിക്കുന്നതല്ലെന്നും നിരവധി ആളുകളുടെ ആവശ്യത്തെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയതെന്നും മേയർ പറഞ്ഞു. ദുർഗ്ഗാ ദേവിയ്‌ക്ക് സമർപ്പിച്ചിരിക്കുന്ന നവരാത്രിയുടെ ശുഭകരമായ സമയത്ത് ഇറച്ചി കടകൾ അടച്ചിടണമെന്നാണ് നിർദ്ദേശം. നവരാത്രിയോട് അനുബന്ധിച്ച് ഒൻപത് ദിവസം വ്രതം അനുഷ്ഠിക്കുന്നതിനാൽ മദ്യം, മാംസം, മസാല ഭക്ഷണ പദാർത്ഥങ്ങൾ എന്നിവ ഒഴിവാക്കണമെന്നും മേയർ നിർദ്ദേശിച്ചു.
തുറന്ന സ്ഥലങ്ങളിലും ക്ഷേത്രങ്ങൾക്ക് സമീപവും മാംസം വിൽക്കുന്നത് വിശ്വാസികൾക്ക് അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് വ്യാപക പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി. പൊതുജന വികാരം കണക്കിലെടുത്ത് ഇറച്ചിക്കടങ്ങൾ അടച്ചിടണം. ക്ഷേത്രങ്ങൾക്ക് സമീപമുള്ള ഇറച്ചി കടകൾ നിർബന്ധമായും അടച്ചിടണമെന്നും ഉത്തരവിൽ പറയുന്നു.
ദുർഗ്ഗാ പൂജയുടെ സമയത്ത് ഡൽഹിയിലെ 99 ശതമാനം ആളുകളും ഒൻപത് ദിവസം പച്ചക്കറികളാകും കഴിക്കുക. മദ്യവും മാംസവും അവർ വർജ്ജിക്കും. ഈ സമയത്ത് പൊതുസ്ഥലത്ത് മാംസം വിൽക്കുന്നത് കണ്ടാൽ അവർക്ക് അസ്വസ്ഥതയുണ്ടാകാൻ സാദ്ധ്യതയുണ്ട്. ചില വിൽപ്പനക്കാർ വഴിയരികിൽ മാംസ മാലിന്യം തള്ളുന്നു. ഈ സാഹചര്യത്തിൽ മാംസ വിൽപ്പന കേന്ദ്രങ്ങൾ അടച്ചിടാൻ നിർദ്ദേശം നൽകണമെന്ന് മേയർ, കമ്മീഷ്ണർക്ക് അയച്ച കത്തിൽ പറയുന്നു.
















Comments