തൃശൂർ: കൗൺസിലർമാരെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന ആരോപണത്തിൽ തൃശ്ശൂർ മേയർ എം കെ വർഗീസിനെതിരെ കേസെടുത്തു. ഡ്രൈവർ ലോറൻസിനെതിരെയും കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം മാലിന്യം കലർന്ന ചെളിവെള്ളം വിതരണം ചെയ്യുന്നു എന്ന് ആരോപിച്ച് കോൺഗ്രസ് കൗൺസിലർമാർ മേയറുടെ കാർ തടഞ്ഞിരുന്നു. ഇവർക്കിടയിലേക്ക് അപകടകരമാം വിധം കാർ ഓടിച്ചു കയറ്റി കൊല്ലാൻ ശ്രമിച്ചുവെന്നാണ് കേസ്. തൃശ്ശൂർ ഈസ്റ്റ് പോലീസാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോർപ്പറേഷൻ പരിധിയിൽ കുടിവെള്ളത്തിന് പകരം നൽകുന്നത് ചെളിവെള്ളമാണെന്ന് ആരോപിച്ച് നടത്തിയ യുഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം സംഘർഷത്തിന് കാരണമായിരുന്നു. കൗൺസിലർ യോഗത്തിൽ മേയർ എംകെ വർഗ്ഗീസിന്റെ കോലത്തിൽ ചെളിവെള്ളം ഒഴിച്ചതോടെ മേയർ കൗൺസിൽ ഹാൾ വിട്ടുപോയി
തുടർന്ന് കാറിൽ കയറിയ മേയറെ കൗൺസിലർമാർ തടഞ്ഞെങ്കിലും കാർ മുന്നോട്ട് എടുത്തതിനെ തുടർന്ന് പ്രതിപക്ഷ വനിതാ കൗൺസിലറടക്കമുള്ളവർക്ക് പരിക്കേറ്റിരുന്നു. കൗൺസിലറെ ഇടിച്ചു തെറിപ്പിക്കും വിധമായിരുന്നു മേയറുടെ ഡ്രൈവർ കാർ മുന്നോട്ട് എടുത്തതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. കാറിടിപ്പിച്ച് കൊല്ലാൻ മേയർ സിപിഎം അനുഭാവിയായ ഡ്രൈവർക്ക് നിർദ്ദേശം നൽകിയെന്ന് ആരോപിച്ച് യുഡിഎഫ് കൗൺസിലർമാർ ചേംബറിനകത്ത് കയറി പ്രതിഷേധിച്ചിരുന്നു.
















Comments