തിരുവനന്തപുരം: ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖാ ശർമ്മയ്‌ക്ക് കേരളത്തിലെ മഹിളാ മോർച്ച നേതാക്കളുടെ നേതൃത്വത്തിൽ ബിജെപി നൽകിയ പരാതി ഫലം കാണുന്നു. ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിക്കാനും പരിഹാരം നിർദ്ദേശിക്കാനും സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്തുവിടണമെന്ന് രേഖ ശർമ്മ ആവശ്യപ്പെട്ടു.
പരാതിക്കാരുടെ പേരുവിവരങ്ങൾ ഒഴികെ ബാക്കി വിശദാംശങ്ങൾ പുറത്ത് വിടണം. കമ്മറ്റി റിപ്പോർട്ടിൽ മൂന്നു മാസത്തിനകം തുടർ നടപടി സ്വീകരിക്കേണ്ടതായിരുന്നു. വെച്ചു താമസിപ്പിച്ചത് ഗുരുതരവീഴ്ചയാണെന്നും കമ്മീഷൻ അദ്ധ്യക്ഷ വിലയിരുത്തി. എല്ലാ സിനിമാ പ്രൊഡക്ഷൻ കമ്പനിയിലും പരാതി പരിഹാര കമ്മറ്റി രൂപീകരിക്കണം.
മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ ദേശീയ വനിതാ കമ്മിഷൻ നേരിട്ട് അന്വേഷിക്കാനും തീരുമാനമായിട്ടുണ്ട്.
ഇന്നലെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ നേതൃത്വത്തിലാണ് കേരളത്തിൽ നിന്നുളള മഹിളാ മോർച്ച നേതാക്കൾ രേഖ ശർമ്മയെ സന്ദർശിച്ച് കേരളത്തിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയത്. കാവന്നൂർ പീഡനം, ദളിത് സ്ത്രീകൾക്കെതിരെ വ്യാപകമായി നടക്കുന്ന അതിക്രമങ്ങൾ, സർക്കാരിന്റെ മദ്യനയത്തിലെ അപാകത കാരണം സ്ത്രീകൾക്കുണ്ടാവുന്ന ബുദ്ധിമുട്ടുകൾ എന്നിവയിൽ അടിയന്തര ഇടപെടലുകൾ ഉണ്ടാവണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. മഹിള മോർച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യൻ, ദേശീയ സെക്രട്ടറി പത്മജ എസ്. മേനോൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ആർബി രാഗേന്ദു എന്നിവരും ഒപ്പമുണ്ടായിരുന്നു.
ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ തൊഴിൽസാഹചര്യവും അവരുടെ പരാതികളും പരിഹരിക്കാനും പഠിക്കാനും സംസ്ഥാന സർക്കാർ നിയോഗിച്ച സമിതിയാണ് ജസ്റ്റിസ് ഹേമ കമ്മറ്റി. 2018 മെയ് മാസത്തിലാണ് സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ മൂന്നംഗസമിതി രൂപീകരിച്ചത്. ജസ്റ്റീസ് ഹേമ, റിട്ടയേർഡ് ഐഎഎസ് ഓഫീസർ കെബി വത്സലകുമാരി, നടി ശാരദ എന്നിവരായിരുന്നു കമ്മീഷൻ അംഗങ്ങൾ. 2020 ജനുവരിയിൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ ഇതുവരെ ഇത് പുറത്തുവിട്ടിട്ടില്ല.
















Comments