കശ്മീർ ഫയൽസിലെ ആ ഡയലോഗിനു പിന്നാലെയുള്ള യാത്ര ; ഒടുവിൽ സഫലമായി , 73 വർഷങ്ങൾക്ക് ശേഷം കശ്മീരിലെ ശാരദാപീഠത്തിൽ മന്ത്രജപം മുഴങ്ങി

Published by
Janam Web Desk

ശ്രീനഗർ : 73 വർഷങ്ങൾക്ക് ശേഷം പാക് അധീന കശ്മീരിലെ ശാരദാപീഠത്തിൽ മന്ത്രജപം മുഴങ്ങി , പുഷ്പദളങ്ങൾ അർച്ചനയായി സമർപ്പിക്കപ്പെട്ടു . ഏകദേശം 1948-49 വർഷത്തിൽ അടച്ച ക്ഷേത്രം ഇത്തവണ നവരാത്രി പൂജയ്‌ക്കായാണ് തുറന്നത് . മൂന്ന് കശ്മീരി മുസ്ലീം യുവാക്കളുടെ സഹായത്തോടെയായിരുന്നു ആരാധന എന്നതാണ് പ്രത്യേകത.

ലോകത്ത് 51 പ്രധാന ശക്തിപീഠങ്ങളാണ് ഉള്ളത് . അതിലൊന്നാണ് പാക് അധീന കശ്മീരിലെ ശാരദാ പീഠം.ചിറ്റോർഗഡ് ആസ്ഥാനമായുള്ള ആർക്കിടെക്റ്റ് ചന്ദ്രശേഖർ ചെഞ്ചേരിയ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കശ്മീർ ഫയൽസ് എന്ന സിനിമ കണ്ടിരുന്നു . ‘ശിവനും സരസ്വതിയും ഋഷി കശ്യപും എവിടെയാണ് ജനിച്ചത്, ആ കശ്മീർ നമ്മുടേതാണ്, പഞ്ചതന്ത്രം എഴുതിയ ഇടം കശ്മീർ നമ്മുടേതാണ്’ എന്നായിരുന്നു ചിത്രത്തിൽ പുഷ്‌കർ നാഥ് പണ്ഡിറ്റായി അഭിനയിക്കുന്ന അനുപം ഖേറിന്റെ ഡയലോഗ്. ഇതേത്തുടർന്ന് ചന്ദ്രശേഖർ ഇതിനെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ ശേഖരിക്കുകയും ശാരദാപീഠത്തെക്കുറിച്ച് അറിയുകയും ചെയ്തു. ചൈത്ര നവരാത്രിയിൽ ഇവിടെ ആരാധന നടത്താനും ചന്ദ്രശേഖർ തീരുമാനിച്ചു.

ഇൻറർനെറ്റിൽ തിരഞ്ഞപ്പോൾ പാക് അധീന കശ്മീരിലെ നീലം ഘാട്ടി ജില്ലയിലെ ശാരദ ഗ്രാമത്തിലാണ് ശാരദാപീഠമെന്ന് കണ്ടെത്തി. ചന്ദ്രശേഖർ കശ്മീരി പണ്ഡിറ്റുകളുടെ അവകാശങ്ങൾക്കായി പോരാടുകയും ശാരദാ ബച്ചാവോ കമ്മറ്റിയുമായി ബന്ധപ്പെടുകയും ചെയ്ത രവീന്ദ്ര പണ്ഡിതയുമായി ബന്ധപ്പെട്ടു. ഇതിന് ശേഷം ശാരദ ഗ്രാമത്തിലെ ചില കടയുടമകളുടെ ഫോൺ നമ്പറുകൾ ചന്ദ്രശേഖർ ഇന്റർനെറ്റ് വഴി തന്നെ ശേഖരിച്ചു. ഗ്രാമത്തിൽ താമസിക്കുന്ന മുസ്ലീം യുവാവുമായി സംസാരിച്ചപ്പോൾ ശാരദാപീഠത്തിൽ പൂജാസാമഗ്രികൾ എത്തിക്കാമെന്ന് സമ്മതിച്ചു. നാട്ടുകാരായ രണ്ട് സുഹൃത്തുക്കളും ഈ യുവാവിന് പിന്തുണ നൽകി. അങ്ങനെ പൂജാസാമഗ്രികൾ ശാരദാപീഠത്തിൽ എത്തിച്ചു

വീഡിയോ കോളിലൂടെ ചന്ദ്രശേഖർ ചൈത്ര നവരാത്രിയുടെ ആദ്യ ദിനത്തിൽ പൂക്കളും പഴങ്ങളും ധൂപവർഗ്ഗങ്ങളും ശാരദാപീഠത്തിൽ സമർപ്പിച്ച് ഓൺലൈൻ പൂജ നടത്തി. ഓൺലൈൻ ആരാധനയിൽ സുഹൃത്തുക്കളായ ഭരത് സോണി, ഏക്താ ശർമ്മ, പ്രകാശ് കുമാവത്, ദിലീപ് ലോധ, ഹർഷിത് ജീനഗർ, രാജേഷ് സാഹു, സോനു വൈഷ്ണവ്, ഹിതേഷ് നഹർ, മണ്ഡൽഗഡിൽ നിന്നുള്ള ഋഷി കുമാവത് എന്നിവരും പങ്കെടുത്തു.

ശാരദാപീഠം ക്ഷേത്രത്തിലെ ആരാധനയ്‌ക്കായി ചന്ദ്രശേഖറും സഹായികളും ക്ഷേത്രത്തിലെത്താൻ പലതവണ ശ്രമിച്ചു. സൈനിക മേഖലയായതിനാൽ അവിടെ എത്താൻ സാധിച്ചിരുന്നില്ല. ഇതിനുശേഷം ശനിയാഴ്ച ക്ഷേത്രത്തിലെത്തി പ്രാർഥന നടത്തി. ഏകദേശം 5000 വർഷം പഴക്കമുള്ള ശാരദാപീഠം കശ്മീരി പണ്ഡിറ്റുകൾ ഉൾപ്പെടെയുള്ള എല്ലാ ഹിന്ദുക്കളുടെയും പ്രധാന ആരാധനാലയമാണ്. ഇപ്പോൾ ഈ ഭാഗം നാശമായി. 73 വർഷമായി ഇവിടെ ആരാധനയും നിരോധിച്ചിരുന്നു .

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും മികച്ച സർവകലാശാലകളിലൊന്നായിരുന്നു ശാരദാ പീഠം. ശൈവമതത്തിന്റെ പിതാവെന്ന് പറയപ്പെടുന്ന ശങ്കരാചാര്യരും വൈഷ്ണവ വിഭാഗത്തിന്റെ ഉപജ്ഞാതാവായ രാമാനുജാചാര്യരും ഇവിടെയെത്തി സുപ്രധാന നേട്ടങ്ങൾ കൈവരിച്ചതായി പറയപ്പെടുന്നു . പതിനൊന്നാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട രാജ് തരംഗിണി എന്ന സംസ്‌കൃത ഗ്രന്ഥത്തിലും ശാരദാ ദേവിയുടെ ഈ ക്ഷേത്രത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.

Share
Leave a Comment