കൊച്ചി: സമൂഹമാദ്ധ്യമങ്ങളിൽ തന്റെ അസുഖവുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യാജ വാർത്തകളോട് പ്രതികരിച്ച് നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ. താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പ്രചരിക്കുന്നുവെന്ന വിവരം പങ്കുവെച്ച സുഹൃത്തും സംവിധായകനുമായ മനോജ് രാംസിംഗിനോടാണ് ശ്രീനിവാസന്റെ പ്രതികരണം.
‘ആൾക്കാർ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്… കൂടുതലായി പോയാൽ കുറച്ചു മനോജിന് തന്നേക്കാം’ എന്നായിരുന്നു ശ്രീനിവാസന്റെ പ്രതികരണം. മനോജ് രാംസിംഗ് തന്നെയാണ് ഈ വിവരം പങ്കുവെച്ച് സോഷ്യൽ മീഡിയയിലൂടെ എത്തിയത്. ഐസിയുവിൽ സ്വന്തമായി ശ്വസിക്കുന്ന ശ്രീനിയേട്ടന്റെ ചിരിച്ചുകൊണ്ടുള്ള മറുപടിയെന്ന് പറഞ്ഞാണ് മനോജ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
ശ്രീനിവാസനെ നായകനാക്കി സജിൻ ബാബു ഒരുക്കിയ അയാൾ ശശി എന്ന സിനിമയുടെ ചിത്രങ്ങൾ പങ്കുവെച്ചായിരുന്നു സോഷ്യൽ മീഡിയയിൽ താരം മരിച്ചതായുള്ള വാർത്ത പ്രചരിച്ചത്. പിന്നാലെയാണ് പോസ്റ്റുമായി മനോജ് എത്തിയത്. നിലവിൽ താരം ആശുപത്രിയിലാണെങ്കിലും നില മെച്ചപ്പെട്ടിട്ടുണ്ട്. വെന്റിലേറ്ററിൽ നിന്നും മാറ്റി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലാണ് ശ്രീനിവാസൻ ചികിത്സയിൽ കഴിയുന്നത്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ബൈപ്പാസ് സർജറിയ്‌ക്ക് വിധേയനാക്കിയിരുന്നു. മാർച്ച് 30നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനു മുൻപും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായതിനെ തുടർന്ന് ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
















Comments