ന്യൂഡൽഹി: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിക്ക് കീഴിൽ ദരിദ്രർക്കായി മൂന്ന് കോടി വീടുകളുടെ നിർമാണം പൂർത്തിയായതായി നരേന്ദ്രമോദി. ഈ വീടുകൾ സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകം കൂടിയാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
‘രാജ്യത്തെ എല്ലാ പാവപ്പെട്ടവർക്കും വീട് നൽകുകയെന്നത് കേന്ദ്രസർക്കാരിന്റെ ദൃഢനിശ്ചയമായിരുന്നു. അക്കാര്യത്തിൽ സുപ്രധാന ചുവടുവെപ്പ് നടത്തിയിരിക്കുകയാണ് സർക്കാർ. ജനങ്ങളുടെ പങ്കാളിത്തം കൊണ്ട് മൂന്ന് കോടിയിലധികം വീടുകളുടെ നിർമ്മാണം സാധ്യമായി. പ്രധാനപ്പെട്ട എല്ലാ അടിസ്ഥാന സൗകര്യങ്ങളുമടങ്ങിയ ഈ വീടുകൾ ഇന്നത്തെ സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകം കൂടിയാണെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഗ്രാമങ്ങളിൽ 2.52 കോടി വീടുകളുടെ നിർമ്മാണമാണ് പൂർത്തിയായത്. ഇതിനായി 1.95 ലക്ഷം കോടി രൂപ അനുവദിച്ചിരുന്നു. അതേസമയം നഗരങ്ങളിൽ പദ്ധതിയുടെ ഭാഗമായി നിർമിച്ച വീടുകളുടെ എണ്ണം 58 ലക്ഷമാണ്. ഇതിനുവേണ്ടി അനുവദിച്ചിരുന്നത് 1.18 ലക്ഷം കോടി രൂപയായിരുന്നു. പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്‌ക്ക് കീഴിൽ ഗ്യാസ് കണക്ഷൻ, ജല-വൈദ്യുതി വിതരണം എന്നിവ ഉൾപ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളോടെയുമാണ് വീടുകളുടെ പണി പൂർത്തീകരിച്ചത്.
2022-23 സാമ്പത്തിക വർഷത്തിൽ പ്രധാനമന്ത്രി ആവാസ് യോജനക്ക് കീഴിൽ ഗ്രാമങ്ങളിലും നഗരങ്ങളിലുമായി 80 ലക്ഷം വീടുകളുടെ നിർമാണം കൂടി പൂർത്തിയാക്കുമെന്നാണ് പ്രഖ്യാപനം. കഴിഞ്ഞ കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
Comments