തിക്കും തിരക്കുമുള്ള ഒരു ട്രെയിൻ. അതിൽ യാത്ര ചെയ്യാൻ ഒരു കുതിരയും എത്തിയാൽ എങ്ങനെയുണ്ടാവും? കുതിരയ്‌ക്ക് ട്രെയിൻ യാത്രയോ…ചുമ്മാ വട്ട് പറയല്ലേ എന്നാണ് നിങ്ങൾ ചിന്തിക്കുന്നതെങ്കിൽ തെറ്റി. വളരെ തിരക്കേറിയ ട്രെയിനിൽ ഒരു കുതിര ആരെയും കൂസാതെ നിന്ന് യാത്ര ചെയ്യുന്ന ഒരു ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്.
പശ്ചിമ ബംഗാളിലെ ലോക്കൽ ട്രെയിനിൽ നിന്നുള്ള ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ മനസിലാക്കാൻ റെയിൽവേ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ചിത്രത്തിന്റെ യാഥാർത്ഥ്യം കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാണ് റെയിൽവേയുടെ ഉത്തരവ്.
സീൽദാ-ഡയമണ്ട് ഹാർബർ ഡൗൺ ലോക്കൽ ട്രെയിനിൽ വെച്ചാണ് ചിത്രം പകർത്തിയത്. കുതിരയുടെ ഉടമയാണ് ഇതിന് സമീപം നിൽക്കുന്നതെന്നാണ് നിഗമനം. കന്നുകാലികളെ ട്രെയിനിൽ കൊണ്ടുപോകുന്നത് പശ്ചിമ ബംഗാളിൽ പുതുമയുള്ള കാര്യമല്ല, എന്നാൽ കുതിരയെ ട്രെയിനിൽ പ്രവേശിപ്പിക്കുന്നത് ഇതാദ്യമായാണെന്ന് റെയിൽവേ അധികൃതർ പറയുന്നു. ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ തിരിച്ചറിഞ്ഞ ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് റെയിൽവേ അധികൃതർ അറിയിച്ചിരിക്കുന്നത്.
Comments