കാരൻസിന് പിന്നാലെ കിയ ഇന്ത്യ അടുത്തതായി നിരത്തിലെത്തിക്കുന്നത് ഒരു ഇലക്ട്രിക് വാഹനമായിരിക്കുമെന്നത് ഉറപ്പായിരുന്നു. കിയ ഇവി6 എന്ന് പേരിട്ടിരിക്കുന്ന വാഹനം, എന്നാണ് ഇന്ത്യൻ നിരത്തുകളിലേയ്‌ക്ക് എത്തുക എന്നതിനെ കുറിച്ച് നിർമ്മാതാക്കൾ അറിയിച്ചിരുന്നില്ല. എങ്കിലും, അടുത്ത വർഷത്തോടെ ഇലക്ട്രിക് വാഹനം നിരത്ത് കീഴടക്കുമെന്നായിരുന്നു അഭ്യൂഹം. എന്നാൽ വൈകാതെ ഇവി6 വിപണിയിലെത്തുമെന്നാണ് റിപ്പോർട്ട്. കാരണം, ഹൈദരാബാദിലെ നിരത്തുകളിൽ ഇവി6 പ്രത്യക്ഷപ്പെട്ടിരുന്നു. അതും പ്രച്ഛന്ന വേഷത്തിലല്ലാതെ. തമിഴ്‌നാട് രജിസ്‌ട്രേഷനുമായി ഹൈദരാബാദിലെ നിരത്തിൽ ചീറിപ്പാഞ്ഞ വാഹനം ക്യാമറാകണ്ണുകളിൽ പതിഞ്ഞതോടെ, സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച വിഷയമായിരിക്കുകയാണ്.
കഴിഞ്ഞ വർഷം മാർച്ചിൽ ഇവി6നെ കുറിച്ച് കിയ സൂചന നൽകിയിരുന്നു. 2027 ഓടെ ലോകമെമ്പാടും കിയ അവതരിപ്പിക്കാനിരിക്കുന്ന ഏഴ് ഇലക്ട്രിക് വാഹനങ്ങളിൽ ഒന്നാണ് ഇവി6. ഹ്യുണ്ടായ് ഗ്രൂപ്പിന്റെ ഇലക്ട്രിക്-ഗ്ലോബൽ മോഡുലാർ പ്ലാറ്റ്ഫോമിലും(ഇ-ജിഎംപി) കിയയുടെ ‘ഓപ്പോസിറ്റ്‌സ് യുണൈറ്റഡ്’ ഡിസൈനിലും നിർമ്മിക്കുന്ന ക്രോസോവറാണ് ഇവി6. സ്ലീക്ക് ഫ്രണ്ട് ഗ്രിൽ, വലിയ എൽഇഡി ഹെഡ്ലാമ്പുകൾ, അതിവിശിഷ്ടമായ ഡിആർഎൽ സിഗ്‌നേച്ചർ തുടങ്ങിയ ഫീച്ചറുകളാൽ വ്യത്യസ്തമാണ് ഇവി6 എന്നാണ് ചിത്രങ്ങൾ സൂചിപ്പിക്കുന്നത്.
ഇവിയുടെ പവർട്രെയിനിന്റെ വിശദാംശങ്ങൾ കിയ ഇനിയും പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും, 58 kWh ബാറ്ററി പാക്കാണ് വാഹനത്തിന് നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. മാത്രമല്ല, 77.4 kWh ബാറ്ററി പാക്കിലും വാഹനം എത്തിയേക്കുമെന്നാണ് അഭ്യൂഹം. ഇവി6ന്റെ വിലയും മറ്റ് വിശദാംശങ്ങളും വൈകാതെ പുറത്ത് വിടുമെന്നാണ് സൂചന.
















Comments