ഭോപ്പാൽ: സെൽഫിയെടുക്കാൻ ട്രെയിനിന് മുകളിൽ കയറിയ 16 കാരന് ദാരുണാന്ത്യം. മദ്ധ്യപ്രദേശിലെ ഛത്തർപൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. നിർത്തിയിട്ട ട്രെയിൻ എഞ്ചിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുത കേബിളിൽ തട്ടി ഷോക്കടിച്ച് മരിക്കുകയായിരുന്നു.
ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. സുഹൈൽ മൻസൂരി എന്ന 16 കാരനാണ് ഷോക്കടിച്ച് മരിച്ചത്. നിർത്തിയിട്ട ട്രെയിൻ എഞ്ചിനിൽ കയറി സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ ചാർജ് ചെയ്തിരുന്ന ഹൈ ടെൻഷൻ വൈദ്യുത ലൈനിൽ കൈ തട്ടുകയും ഷോക്കേൽക്കുകയുമായിരുന്നുവെന്ന് സംഭവത്തിന്റെ ദൃക്സാക്ഷിയും മൻസൂരിയുടെ സുഹൃത്തുമായ വിദ്യാർത്ഥി വ്യക്തമാക്കി.
സംഭവത്തിൽ രോഷാകുലരായ പ്രദേശത്തെ യുവാക്കൾ സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിന്റെ വാതിൽ കല്ലുകൊണ്ട് തകർത്തു. പ്രതിഷേധവുമായി സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിലെത്തിയ യുവാക്കൾ സ്റ്റേഷൻ മാസ്റ്ററെ മർദ്ദിക്കുകയും ബാഗും വാച്ചും തട്ടിയെടുക്കുകയും ചെയ്തതായി ആർപിഎഫ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Comments