കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ കാവ്യയുടെ പങ്ക് തെളിയിക്കുന്ന നിർണ്ണായക ശബ്ദരേഖ പുറത്ത്. അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ച ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജും ശരത്തും തമ്മിലുള്ള ശബ്ദ സന്ദേശമാണിത്.
കാവ്യ സുഹൃത്തുക്കൾക്ക് കൊടുക്കാൻ വച്ചിരിക്കുന്ന പണിയെന്നാണ് ശബ്ദരേഖയിൽ പറയുന്നത്. അത് ദിലീപ് ഏറ്റെടുത്തതാണെന്ന് സുരാജ് പറയുന്നു. ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ച ശബ്ദ സന്ദേശമാണിത്. സംഭവത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് സംഘം കാവ്യാ മാധവന് നോട്ടീസ് അയച്ചിട്ടുണ്ട്.
കാവ്യയെ കുടുക്കാൻ വേണ്ടി കൂട്ടുകാരികൾ കൊടുത്ത പണിയ്‌ക്ക് തിരിച്ച് കൊടുത്ത പണിയാണ്. ജയിലിൽ നിന്ന് വന്ന കോൾ നാദിർഷ എടുത്തതു കൊണ്ടാണ് ദിലീപ് ചേട്ടന് പണി കിട്ടിയത്. കാവ്യയെ കുടുക്കാൻ വേണ്ടിയുള്ള പണിയായിരുന്നു അത് ചേട്ടൻ കയറി ഏറ്റുപിടിച്ചതാ. ദിലീപിന്റെ സമയ ദോഷമാണ് ഇതിന് കാരണമെന്നും സുരാജ്, ശരത്തിനോട് പറയുന്നു.
‘ഞാനൊരു കാര്യം ചോദിക്കുകയാണ് ശരത്തേ, ചേട്ടന് ആര്‍ക്കും കേറി ഇറങ്ങാവുന്ന ഡി സിനിമാസുണ്ട്, ഗ്രാന്റ് പ്രൊഡക്ഷന്‍ ഓഫീസുണ്ട്. അനൂപ് താമസിക്കുന്ന വീടുണ്ട്. എന്ത് കൊണ്ടാണ് ഇത് ലക്ഷ്യയില്‍ എത്തിയതെന്ന് കോമണ്‍സെന്‍സുള്ള ആര്‍ക്കും മനസ്സിലാവും. അനൂപ് പറഞ്ഞത് ശരിയാണ്. കാവ്യയും ഇവരുമെല്ലാം കൂട്ട് കൂടി നടന്നിട്ട്. അവരെല്ലാം പറ്റിച്ചിട്ട് ഒന്നുമില്ല എന്ന് പറഞ്ഞിട്ട് ഇങ്ങേരെ കെട്ടിക്കൊണ്ട് പോയ വൈരാഗ്യം. കാവ്യക്ക് പണി കൊടുക്കണമെന്ന്. ഇത് പുള്ളിക്ക് സമ്മതിക്കാന്‍ വിഷമമാണ്’
അവൻന്മാർ ഇറങ്ങട്ടെ വൈരാഗ്യം എന്തെന്ന് നമുക്ക് കാട്ടിക്കൊടുക്കാമെന്നും ചെയ്തതിന്റേത് അല്ലേ നമ്മൾ അനുഭവിച്ചതെന്നും സുരാജ് പറയുന്നുണ്ട്. അതേസമയം കാവ്യയോട് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. താരം ഇപ്പോൾ ചെന്നൈയിലാണ്. കാവ്യയെ അടക്കം ചോദ്യം ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി തുടരന്വേഷണത്തിന് കൂടുതൽ സമയം ക്രൈംബ്രാഞ്ച് ഇന്നലെ ചോദിച്ചിരുന്നു.
കേസിൽ കൂടുതൽ ഫോൺ സംഭാഷണങ്ങളടങ്ങിയ പെൻഡ്രൈവ് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. സുരാജും ശരത്തും തമ്മിലുള്ളതും ദിലീപും അഭിഭാഷകനും തമ്മിൽ നടത്തിയ സംഭാഷണങ്ങളാണ് കോടതിയിൽ ഹാജരാക്കിയത്. തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കാനാവശ്യപ്പെട്ടുള്ള ഹർജിയിലാണ് പ്രോസിക്യൂഷൻ അനുബന്ധ തെളിവുകൾ സമർപ്പിച്ചത്.
















Comments