ന്യൂഡൽഹി; രാജ്യംനേരിടുന്ന പോഷകക്കുറവ് പരിഹരിക്കാൻ കേന്ദ്രം വക വൻ പദ്ധതി. പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകളുടെയും കുട്ടികളുടെയും പോഷകാഹാരക്കുറവ് പരിഹരിക്കാൻ പോഷകസമ്പുഷ്ടമായ അരി റേഷൻ കടവഴി വിതരണം ചെയ്യുന്ന പദ്ധതിക്ക് കേന്ദ്രാനുമതിയായി.
സ്വാതന്ത്ര്യദിനസന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ പ്രഖ്യാപനമാണ് നടപ്പാക്കുന്നത്.
ഇതിനുള്ള ചെലവ് പൂർണമായും കേന്ദ്രം വഹിക്കും. ഇതിനായ 2700 കോടി രൂപയാണ് ചെലവുവരുന്നതെന്നും കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ അറിയിച്ചു. പോഷകങ്ങൾ ചേർത്ത 85.65 ലക്ഷം മെട്രിക് ടൺ അരി ഫുഡ്‌കോർപറേഷൻ സംഭരിച്ചു കഴിഞ്ഞു. 2024 ജൂൺവരെ മൂന്നു ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം, സംയോജിത ശിശുവികസന പദ്ധതി, പ്രധാനമന്ത്രി പോഷൻ ശക്തിനിർമാൺ, ഉച്ചഭക്ഷണ പദ്ധതി എന്നിവ പ്രകാരം ഇത്തരം അരിയാണ് ഇനി വിതരണം ചെയ്യുക.
നിലവിൽ സംയോജിത ശിശുവികസന പദ്ധതി, പ്രധാനമന്ത്രി പോഷൻ ശക്തിനിർമാൺ എന്നിവ വഴി നിലവിൽ ഇത്തരം അരിയാണ് വിതരണം ചെയ്യുന്നത്.
രണ്ടാംഘട്ടത്തിൽ പൊതുവിതരണശൃംഖലവഴിയും ഇതരക്ഷേമപദ്ധതി വഴിയും പോഷകഅരി വിതരണം ചെയ്യും. മൂന്നാംഘട്ടത്തിൽ 2024 ആകുമ്പോഴേക്കും രാജ്യം മുഴുവൻ പോഷകഅരി വിതരണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. 2019ലും 20ലും 11 സംസ്ഥാനങ്ങളിൽ പൈലറ്റ് പ്രോജക്ടായി ഇത് നടപ്പാക്കിയിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരും മറ്റ് ഏജൻസികളും ചേർന്നാണ് പദ്ധതി നടപ്പാക്കുക
Comments