ന്യൂഡൽഹി: പതിനെട്ട് വയസിന് മുകളിലുള്ളവർക്ക് കരുതൽ ഡോസ് നൽകുന്നതിൽ പുതിയ നിർദ്ദേശങ്ങളിമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.വാക്‌സിൻ വിലയ്‌ക്കൊപ്പം പരമാവധി 150 രൂപ വരെയേ സർവ്വീസ് ചാർജായി സ്വകാര്യ കേന്ദ്രങ്ങൾ ഈടാക്കാൻ പാടുള്ളൂവെന്ന് ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു.
കരുതൽ ഡോസ് വിതരണത്തിനായുള്ള സംസ്ഥാനങ്ങളിലെ സജ്ജീകരണങ്ങൾ വിലയിരുത്താൻ വിളിച്ച ആരോഗ്യ സെക്രട്ടറിമാരുടെ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യ രണ്ട് തവണ ഉപയോഗിച്ച വാക്‌സിൻ തന്നെ കരുതൽ ഡോസായി സ്വീകരിക്കണമെന്ന് നിർദ്ദേശമുണ്ട്.
കരുതൽ ഡോസ് എടുക്കാൻ പ്രത്യേക രജിസ്‌ട്രേഷൻ ആവശ്യമില്ലെന്നും ആരോഗ്യമന്ത്രാലയം നൽകിയ നിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിരുന്നു.കോവിഷീൽഡ് കരുതൽ ഡോസിന് 600 രൂപയും നികുതിയും സർവ്വീസ് ചാർജും നൽകണമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനെവാലെ അറിയിച്ചിരുന്നു.ഇതിന് പിന്നാലെയാണ് സർവ്വീസ് ചാർജ് നിജപ്പെടുത്തി സർക്കാർ നിർദ്ദേശം നൽകിയത്.
18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും കരുതൽ ഡോസ് നൽകാനാണ് കേന്ദ്ര സർക്കാർ തീരുമാനം. നാളെ മുതൽ രാജ്യത്തെ എല്ലാ സ്വകാര്യ വാക്‌സിനേഷൻ കേന്ദ്രങ്ങൾ വഴിയും ആളുകൾക്ക് കരുതൽ ഡോസ് വാക്‌സിൻ സ്വീകരിക്കാം. ആദ്യ രണ്ട് ഡോസ് വാക്‌സിൻ പോലെ കരുതൽ ഡോസ് അഥവാ ബൂസ്റ്റർ ഡോസ് വാക്‌സിൻ സൗജന്യമായിരിക്കില്ല. സ്വകാര്യ വാക്‌സിനേഷൻ കേന്ദ്രങ്ങൾ വഴിയാണ് വാക്‌സിനേഷൻ എന്നതിനാൽ പണം നൽകേണ്ടി വരും.
സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങൾ വഴി ആരോഗ്യപ്രവർത്തകർ, മുൻനിര പോരാളികൾ, അറുപതു വയസ്സുകഴിഞ്ഞവർ എന്നിവർക്കായി ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഒന്നാം ഡോസ്, രണ്ടാം ഡോസ്, ബൂസ്റ്റർ ഡോസ് വിതരണങ്ങൾ തുടരുകയും അതിന്റെ വേഗംകൂട്ടുകയും ചെയ്യുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. പതിനഞ്ചിനും അതിനു മുകളിലും പ്രായമുള്ള 96 ശതമാനം പേർക്കും കുറഞ്ഞത് കൊറോണ ഒരു ഡോസ് എങ്കിലും ലഭിച്ചിട്ടുണ്ടെന്നും 83 ശതമാനം പേർക്ക് രണ്ടു ഡോസും ലഭിച്ചിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
















Comments