കണ്ണൂർ: ചെങ്കൊടി ഇല്ലാതാക്കാൻ ശേഷിയുള്ള ഒന്നും ഭൂമിയിൽ ഇല്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കണ്ണൂരിൽ 23 ാം പാർട്ടി കോൺഗ്രസിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു യെച്ചൂരി. കമ്യൂണിസം കേരളത്തിന്റെ ഒരു മൂലയിൽ മാത്രമായി എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു യെച്ചൂരി.
കമ്യൂണിസം അപകടകരമായ പ്രത്യയശാസ്ത്രമാണെന്നും പരാജയപ്പെടുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ ഫാസിസം അവസാനിപ്പിച്ച പതാകയാണ് ചെങ്കൊടി. നശിപ്പിക്കാൻ കഴിയില്ല, ദുർബ്ബലപ്പെടുത്താൻ പോലും കഴിയില്ല. എല്ലാ വെല്ലുവിളികളും മറികടക്കുന്നതാണ് കമ്യൂണിസമെന്നും യെച്ചൂരി പറഞ്ഞു. സോവിയറ്റ് യൂണിയന്റെ മൂലയിലേക്ക് കമ്യൂണിസ്റ്റുകാരെ ഒതുക്കിയ കാലത്ത് പോലും ചെങ്കൊടി ഉയർത്തെഴുന്നേറ്റിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു.
23 ാം പാർട്ടി കോൺഗ്രസ് ഉറച്ച തീരുമാനങ്ങൾക്കാണ് വേദിയായതെന്ന് യെച്ചൂരി പറഞ്ഞു. കേന്ദ്രസർക്കാർ രാജ്യത്തിന്റെ സ്വത്തുക്കൾ കൈമോശം വരുത്തുകയാണ്. രാഷ്‌ട്രീയ അഴിമതിയെ അവർ നിയമവിധേയമാക്കുന്നു. ചുവപ്പുകൊടി ഈ വെല്ലുവിളി ഏറ്റെടുക്കുകയും നേരിടുകയും പരാജയപ്പെടുത്തുകയും ചെയ്യുമെന്ന് യെച്ചൂരി പറഞ്ഞു. വർഗീയ ശക്തികൾക്കെതിരെ മതേതര പാർട്ടികളുടെ കൂട്ടായ്മയാണ് ഇടതുപക്ഷം ലക്ഷ്യം വെയ്‌ക്കുന്നത്. എല്ലാവരും ഒരുമിച്ച് നിൽക്കണമെന്ന് ആഗ്രഹിക്കുന്നു.
പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടന്ന സെമിനാറിൽ പങ്കെടുക്കാതിരുന്ന കോൺഗ്രസ് പാർട്ടിയെയും യെച്ചൂരി വിമർശിച്ചു. മതേതര പാർട്ടിയെന്ന് ഉറച്ച് വിശ്വസിക്കുന്നുണ്ടെങ്കിൽ നിങ്ങൾ എവിടെയാണെന്ന് ചിന്തിക്കണം. സെമിനാറിൽ പങ്കെടുത്ത അവരുടെ നേതാക്കൾക്ക് നേരെ അച്ചടക്ക നടപടി സ്വീകരിക്കുന്ന സ്ഥിതി വരെയെത്തി. ബിജെപിക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസിന്റെ സമീപനം ഇതാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി.
യൂറോപ്യൻ രാജ്യങ്ങളോട് സമാനമായ മാനുഷീക വികസനമാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നതെന്ന് യെച്ചൂരി പറഞ്ഞു.
















Comments