ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ പ്രിയപുത്രൻ ബിലാവൽ ഭൂട്ടോ പാകിസ്താന്റെ പുതിയ വിദേശകാര്യമന്ത്രിയാകുമോ?. പുതിയ പ്രധാനമന്ത്രിയെയും സർക്കാരിനെയും തിങ്കളാഴ്ച തിരഞ്ഞെടുക്കാനിരിക്കെയാണ് ഇത് സംബന്ധിച്ച ചർച്ചകളും സജീവമായത്.
നിലവിൽ പാകിസ്താൻ പീപ്പിൾസ് പാർട്ടിയുടെ ചെയർമാനാണ് ബിലാവൽ ഭൂട്ടോ. ഇമ്രാൻ ഖാനെ പുറത്താക്കിയ സംയുക്ത പ്രതിപക്ഷം പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഇളയ സഹോദരൻ ഷഹ്ബാസ് ഷെരീഫിനെയാണ് നിശ്ചയിച്ചിരിക്കുന്നത്.
അവിശ്വാസ പ്രമേയത്തിൽ 174 വോട്ടുകൾക്കാണ് ഇമ്രാൻ ഖാൻ പുറത്തായത്. 172 വോട്ടുകളാണ് വേണ്ടത്. അതുകൊണ്ടു തന്നെ സംയുക്ത പ്രതിപക്ഷത്തിന് ഭൂരിപക്ഷം തെളിയിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതിനിടയിലാണ് അടുത്ത വിദേശകാര്യമന്ത്രിയെച്ചൊല്ലിയുളള ചർച്ചയും സജീവമായത്.
33 കാരനായ ബിലാവൽ ഭൂട്ടോ ഓക്‌സ്ഫഡ് വിദ്യാഭ്യാസത്തിന് ശേഷമാണ് പാക് രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങിയത്. പിതാവും മുൻ പ്രസിഡന്റുമായ ആസിഫ് അലി സർദാരിയാണ് ബിലാവലിന്റെ പേര് മുന്നോട്ടുവെച്ചതെന്നാണ് സൂചന. എന്നാൽ ഒരു ഉറുദു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അതെല്ലാം പാർട്ടി തീരുമാനിക്കുമെന്നായിരുന്നു ബിലാവലിന്റെ പ്രതികരണം.
ഇമ്രാൻ ഖാന്റെ കാലത്ത് വിദേശകാര്യ വകുപ്പിനെ ദേശീയ സുരക്ഷാ സമിതിയെയും വിവാദത്തിലാക്കാനായിരുന്നു ശ്രമമെന്നും ബിലാവൽ ആരോപിച്ചു. ശനിയാഴ്ച പാകിസ്താൻ ദേശീയ അസംബ്ലിയിൽ നടന്ന ചർച്ചയിലും ബിലാവൽ വിദേശകാര്യവകുപ്പിനെ ലക്ഷ്യമിട്ട് രൂക്ഷ വിമർശനങ്ങളാണ് ഉന്നയിച്ചത്.
ഇമ്രാൻ സർക്കാരിനെ പുറത്താക്കാൻ വിദേശഗൂഢാലോചന ഉണ്ടെന്ന് കണ്ടെത്തിയ നാഷണൽ സെക്യൂരിറ്റി കമ്മറ്റി യോഗത്തിൽ എന്തുകൊണ്ടാണ് വിദേശകാര്യമന്ത്രി പങ്കെടുക്കാഞ്ഞത് എന്നതുൾപ്പെടെയുളള ചോദ്യങ്ങൾ ബിലാവൽ ഭൂട്ടോ ഉന്നയിച്ചിരുന്നു.
Comments