കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കെ, ഡിനിപ്രോ സിറ്റിയിൽ മോസ്‌കോ അനുകൂല റാലി നടത്തിയതിന് റഷ്യൻ അനുഭാവികളെ പോലീസ് തടഞ്ഞു. നഗരമധ്യത്തിൽ പ്രകടനം നടത്തിയവരെ യുക്രെയ്ൻ പോലീസ് പിടികൂടുകയായിരുന്നു.
ഡിനിപ്രോയിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ പ്രധാന വാണിജ്യ, പാർപ്പിട അടിസ്ഥാന സൗകര്യങ്ങൾ തകർന്നു. യുക്രെയ്‌നിലെ റഷ്യൻ ആക്രമണത്തെ അനുകൂലിച്ച് പ്രകടനം നടത്തിയ പുടിൻ അനുകൂലികളെ യുക്രേനിയൻ പോലീസ് പിടിച്ചുകൊണ്ടുപോയതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതിനിടെ രൂക്ഷമായ റഷ്യൻ ഷെല്ലാക്രമണത്തിൽ ഡിനിപ്രോ വിമാനത്താവളം തകർന്നു.
യുക്രേനിയൻ നഗരമായ ഡിനിപ്രോയിൽ യുദ്ധം വലിയ നാശനഷ്ടങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. റഷ്യൻ മിസൈൽ ആക്രമണത്തിലാണ് ഡിനിപ്രോയിലെ വിമാനത്താവളം പൂർണ്ണമായി തകർന്നത്. ‘ ഡിനിപ്രോ വിമാനത്താവളത്തിന് നേരെ മറ്റൊരു ആക്രമണം ഉണ്ടായിട്ടുണ്ട്. അതിൽ ഒന്നും അവശേഷിക്കുന്നില്ല,’ ഡിനിപ്രോപെട്രോവ്‌സ്‌ക് മേഖല ഗവർണർ വാലന്റൈൻ റെസ്‌നിചെങ്കോ പറഞ്ഞു. ഞായറാഴ്ച ഡിനിപ്രോയ്‌ക്കെതിരായ ആക്രമണം രൂക്ഷമായപ്പോൾ, വ്യാപകമായ ഷെല്ലാക്രമണത്തിൽ കുറഞ്ഞത് 5 എമർജൻസി പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റു.
വിമാനത്താവളവും അതിന്റെ സമീപമുളള അടിസ്ഥാന സൗകര്യങ്ങളും അവശിഷ്ടങ്ങളുടെ കൂമ്പാരമായി മാറിയതായും റെസ്‌നിചെങ്കോ തന്റെ ടെലിഗ്രാം ചാനലിൽ പറഞ്ഞു. ഞായറാഴ്ച പാവ്ലോഹ്റാദ് ജില്ലയിലെ കെട്ടിടത്തിലും മിസൈൽ പതിച്ചിരുന്നു. പത്തുലക്ഷം ജനസംഖ്യയുള്ള വ്യാവസായിക നഗരമായ ഡിനിപ്രോയെ റഷ്യൻ സൈന്യം ലക്ഷ്യമിട്ടത് ശ്രദ്ധേയമാണ്.
Comments