പാലക്കാട്: പന്നിയങ്കര ടോൾ പ്ലാസയിൽ ടോൾ പിരിവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന്
സ്വകാര്യ ബസുകൾ നടത്തുന്ന സമരം തുടരുന്നു. ഇന്ന് രാവിലെ ടോൾ ആവശ്യപ്പെട്ട് ബസുകൾ തടഞ്ഞത് യാത്രക്കാരുടെയും പ്രതിഷേധത്തിനിടയാക്കി. അതേസമയം കഴിഞ്ഞ ദിവസം ടോൾ പ്ലാസയുടെ ബാരിക്കേഡ് തള്ളിമാറ്റി സർവ്വീസ് നടത്തിയ 29 ബസുകൾക്ക് എതിരെ വടക്കഞ്ചേരി പൊലീസ് കേസെടുത്തു.
പ്രതിഷേധത്തിന് ഒടുവിൽ യാത്രക്കാർ ബാരിക്കേഡ് മാറ്റി ബസുകൾ കടത്തിവിടുകയായിരുന്നു. ടോൾ പ്ലാസയിലെ ആംബുലൻസ് ട്രാക്കിലൂടെയാണ് ബസുകൾ കടത്തിവിട്ടത്. എന്നാൽ പിന്നീടും വാഹനങ്ങൾ തടഞ്ഞതോടെ തൃശൂർ പാലക്കാട്, തൃശൂർ ഗോവിന്ദാപുരം, തൃശൂർ മംഗലംഡാം തുടങ്ങി ടോൾ പ്ലാസ വഴി കടന്നു പോകുന്ന മുഴുവൻ വാഹനങ്ങളും ടോളിന് മുൻപിൽ നിർത്തിയിട്ടു.
പ്രശ്‌നത്തിന് ശാശ്വതമായ ഒരു പരിഹാരം വേണം എന്നതാണ് ബസ് ഉടമകളുടെ ആവശ്യം.
ഇതിനിടെ കഴിഞ്ഞ ദിവസങ്ങളിൽ ടോൾ ബാരിക്കേഡ് തകർത്ത് ബസുകൾ സർവീസ് നടത്തിയെന്നും, ഇതിൽ 49000 രൂപയുടെ നഷ്ടമുണ്ടായെന്നും കാണിച്ച് കരാർ കമ്പനി പോലീസിൽ പരാതി നൽകി. തുടർന്ന് 29 ബസുകൾക്കെതിരെ വടക്കാഞ്ചേരി പോലീസ് കേസെടുത്തു.
ബസ് ഡ്രൈവർമാരെ ഒന്നാം പ്രതികളാക്കിയാണ് കേസ്. ബസ് ഉടമകൾക്ക് നോട്ടീസും അയച്ചു. തൃശൂർ-പാലക്കാട് റൂട്ടിൽ ഓടുന്ന ബസുകളാണ് മിക്കതും. സ്വകാര്യ ബസുകൾ സർവീസ് നിർത്തിയത് യാത്രക്കാരെയും വലച്ചു. ഉയർന്ന ടോൾ നൽകി സർവ്വീസ് നടത്താനാകില്ലെന്ന നിലപാടിലാണ് ബസ് ഉടമകൾ. ടോൾ നിരക്ക് കുറയ്‌ക്കുന്നത് വരെ സമരം തുടരാനാണ് തീരുമാനം.
















Comments