തിരുവനന്തപുരം: കൊറോണ വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ പ്രതിദിന കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് സർക്കാർ അവസാനിപ്പിച്ചു. സർക്കാർ തലത്തിൽ കൊറോണ പരിശോധനയും വിവരശേഖരണവും തുടരുമെന്നും കണക്കുകൾ ഇനിമുതൽ പുറത്തുവിടില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
2020 ജനുവരി 30 മുതലാണ് പ്രതിദിന കൊറോണ കണക്കുകൾ സർക്കാർ പ്രസിദ്ധീകരിക്കാൻ ആരംഭിച്ചത്. രണ്ടര വർഷത്തോളം എല്ലാ ദിവസവും കൊറോണ കണക്കുകൾ സർക്കാർ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ഇനിമുതൽ പരിശോധനകൾ തുടരുമെങ്കിലും കണക്കുകൾ പുറത്തുവിടില്ലെന്നാണ് സർക്കാരിന്റെ തീരുമാനം.
കൊറോണ കേസുകളിൽ ഗണ്യമായ കുറവുവന്ന സഹാചര്യത്തിലാണ് സർക്കാരിന്റെ പുതിയ തീരുമാനം. എല്ലാ ദിവസവും വൈകിട്ട് 5.50ഓടെയായിരുന്നു പ്രതിദിന കണക്കുകൾ ആരോഗ്യവകുപ്പ് വാർത്താകുറിപ്പായി പ്രസിദ്ധീകരിച്ചിരുന്നത്. എന്നാൽ ഇന്ന് മുതൽ കണക്കുകൾ പുറത്തുവിടില്ല.
കൊറോണയുടെ എല്ലാ തരംഗങ്ങളിലും സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം ഉയർന്നിരുന്നു. 49,000 വരെ രോഗികൾ പ്രതിദിനം റിപ്പോർട്ട് ചെയ്ത ഒരു സാഹചര്യമാണ് സംസ്ഥാനത്ത് നിലനിന്നിരുന്നത്. എന്നാൽ ഇന്ന് കേസുകൾ ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ഇന്നലെ 223 പേർക്കാണ് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്.
















Comments