മുംബൈ: ഐപിഎല്ലിൽ ഗുജറാത്തിനെതിരായ മത്സരത്തിൽ ഹൈദരാബാദിന് തകർപ്പൻ ജയം. ഗുജറാത്ത് ഉയർത്തിയ 163 എന്ന ലക്ഷ്യം. 19-ാം ഓവറിൽ ഹൈദരാബാദ് മറികടന്നു. എട്ട് വിക്കറ്റിനാണ് ഹൈദരാബാദ് ഗുജറാത്തിനെ തറപറ്റിച്ചത്. അഞ്ച് പന്തുകൾ അവശേഷിക്കെ 168 റൺസ് നേടിയാണ് ഹൈദരാബാദ് വിജയം കൊയ്തത്. അഭിഷേക് ശർമ്മയുടെയും, നായകൻ കെയ്ൻ വില്യംസണിന്റെയും വിക്കറ്റുകൾ മാത്രമാണ് ഹൈദരാബാദിന് നഷ്ടമായത്. ഹൈദരാബാദിന്റെ രണ്ടാം ജയമാണിത്.
അർദ്ധസെഞ്ച്വറി നേടിയ ക്യാപ്റ്റൻ കെയ്ൻ വില്യംസണാണ് ഹൈദരാബാദിന്റെ വിജയശിൽപ്പി. 46 പന്തിൽ നിന്നും രണ്ട് ബൗണ്ടറികളുടെയും നാല് സിക്‌സറിന്റെയും അകമ്പടിയോടെ 57 റൺസാണ് താരം നേടിയത്. 16-ാം ഓവറിന്റെ തുടക്കത്തിൽ ഹർദ്ദിക്കാണ് വില്യംസണിന്റെ വിക്കറ്റ് വീഴ്‌ത്തിയത്. അഭിഷേക് ശർമ്മയുടെ സ്‌കോറും ടീമിന്റെ വിജയത്തിന് വഴിതെളിച്ചു. 32 പന്തിൽ നിന്നും ആറ് ബൗണ്ടറികളുടെ സഹായത്തോടെ 42 റൺസാണ് അഭിഷേക് കൂട്ടിച്ചേർത്തത്. എന്നാൽ എട്ടാം ഓവറിന്റെ അവനത്തിൽ ഹർദ്ദിക് അഭിഷേകിന്റെ വിക്കറ്റ് തെറിപ്പിച്ചു.
മത്സരത്തിനിടെ പരിക്ക് പറ്റിയതിനെ തുടർന്ന് 13-ാം ഓവറിൽ രാഹുൽ ത്രിപാഠി പിന്മാറിയിരുന്നു. 11 പന്തുകൾ നേരിട്ട താരം ഒരു ബൗണ്ടറിയുടെയും ഒരു സിക്‌സിന്റെയും സഹായത്തോടെ 17 റൺസ് എടുത്താണ് പിന്മാറിയത്. നിക്കോളാസ് പൂരനാണ് രാഹുലിന് പകരക്കാരനായി ക്രീസിലിറങ്ങിയത്. പകരക്കാരനായി എത്തിയ പൂരനും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. 18 പന്തിൽ നിന്നും 34 റൺസാണ് താരം നേടിയത്. പൂരന്റെ അവസാനത്തെ കൂറ്റൻ സിക്‌സാണ് ഹൈദരാബാദിനെ 19-ാം ഓവറിൽ വിജയം സമ്മാനിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട ഗുജറാത്ത് ടൈറ്റൻസ്, 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് എടുത്തു. നായകൻ ഹർദ്ദിക് പാണ്ഡ്യയാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറർ. 42 പന്തിൽ നിന്നും നാല് ബൗണ്ടറികളുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെ ഹർദ്ദിക് അർദ്ധസെഞ്ച്വറി നേടി. മത്സരത്തിന്റെ അവസാനം വരെ താരം പുറത്താകാതെ നിന്നു. അഭിനവ് മനോഹറിന്റെ സ്‌കോറും ഗുജറാത്തിന് മുതൽക്കൂട്ടായി. 21 പന്ത് നേരിട്ട താരം, അഞ്ച് ബൗണ്ടറികളുടെയും ഒരു സിക്‌സറിന്റെയും സഹായത്തോടെ 35 റൺസ് നേടി. 18ാം ഓവറിന്റെ അവസാനത്തിൽ ഭുവനേശ്വർ കുമാർ മനോഹറിന്റെ വിക്ക്റ്റ് വീഴ്‌ത്തുകയായിരുന്നു.
മാത്യൂ വെയ്ഡ്(19), ശുഭ്മാൻ ഗിൽ(7), സായ് സുദർശൻ(11), ഡേവിഡ് മില്ലർ(12), രാഹുൽ തെവാഡിയ(6), റഷീദ് ഖാൻ(0) എന്നിങ്ങനെയാണ് മറ്റുതാരങ്ങളുടെ സ്‌കോർ. ഹൈദരാബാദിനായി ഭുവനേശ്വർ കുമാറും, ടി. നടരാജനും ഗുജറാത്തിന്റെ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. മാർക്കോ ജാൻസനും, ഉമ്രാൻ മാലിക്കും ഓരോ വിക്കറ്റ് വീതവും നേടി.
കളിച്ച നാല് കളികളിലും വിജയം സ്വന്തമാക്കിയ ഗുജറാത്തിന്റെ ആദ്യ തോൽവിയാണിത്. ഇതോടെ, ആറ് പോയിന്റുകളുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്തേയ്‌ക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് ഗുജറാത്ത് ടൈറ്റൻസ്. കളിച്ച നാല് കളികളിൽ രണ്ട് തോൽവിയും രണ്ട് ജയവും സ്വന്തമാക്കിയ ഹൈദരാബാദ് പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്.
Comments