വാഷിങ്ടൺ: യുക്രെയ്‌നിലെ മരിയുപോൾ സ്ത്രീകളുടെ ആശുപത്രിയിൽ റഷ്യ നടത്തിയ ബേംബാക്രമണത്തെ ഹിലരി ക്ലിന്റൺ യുദ്ധക്കുറ്റമെന്ന് അപലപിച്ചു. ഹിലരി ക്ലിന്റൺ ഒരു വിരൽ റഷ്യയ്‌ക്കുനേരെ നീട്ടിയപ്പോൾ ചോരക്കറപുറണ്ട മൂന്നു വിരലുകളാണ് സ്വന്തം നെഞ്ചിലേക്ക് ഹിലരിയെ തുറിച്ചു നോക്കിക്കൊണ്ടിരുന്നത്.
വിനാശകാരിയായ യുദ്ധങ്ങൾ ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കുക സ്ത്രീകൾക്കും കുട്ടികൾക്കുമാണ്. യുക്രെയ്‌നിലെ മരിയുപോളിലുളള സ്ത്രീകളുടെ ആശുപത്രിയിൽ റഷ്യനടത്തിയ ബോംബ് ആക്രമണത്തിൽ മൂന്നു പേർ മരിച്ചു. 17 പേർക്ക് പരുക്കേറ്റു. നിരവധി തവണ ഉഗ്രശേഷിയുള്ള റഷ്യൻ ബോംബുകൾ ഉപയോഗിച്ച് ആശുപത്രിയെ റഷ്യ ലക്ഷ്യമിട്ടു. ഗർഭിണികളായ സ്ത്രീകൾ ഉഗ്രസ്‌ഫോടനത്തിൽ ഞെട്ടി ചാപിളളകളെ പ്രസവിച്ചു. മരിയുപോൾ ആശുപത്രിയിലെ രംഗം ഭയാനകമായിരുന്നു. ലോകരാജ്യങ്ങൾ റഷ്യയെ അപലപിച്ചു. യുഎസിലെ മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൺ റഷ്യയ്‌ക്കെതിരെ യുദ്ധക്കുറ്റം ആരോപിച്ചു.
റഷ്യൻ നേതൃത്വത്തിന് യുദ്ധക്കുറ്റങ്ങൾ ആരോപിക്കാതിരിക്കണമെങ്കിൽ, അവർ ആശുപത്രികളിൽ ബോംബിടുന്നത് അവസാനിപ്പിക്കണമെന്ന് ഹിലരി ക്ലിന്റൺ ട്വീറ്റ് ചെയ്തു. അവർ റഷ്യയുടെ മനുഷ്യാവകാശധ്വംസനത്തെക്കുറിച്ച് വാചാലയായി.
എന്നാൽ ഇതൊക്കെ പറയാൻ എന്ത് യോഗ്യതയാണ് യുഎസിനും ഹിലരിക്ലിന്റണും ഉള്ളത്.
യുഎസിന്റെ മോശം ട്രാക്ക് റെക്കോർഡുകൾ സൗകര്യപൂർവ്വം മറച്ചുവയ്‌ക്കുകയായിരുന്നു ഹിലരി ക്ലിന്റൺ. യുദ്ധക്കുറ്റത്തിന്റെയും മനുഷ്യാവകാശ ധ്വംസനങ്ങളുടെയും നീണ്ട ചരിത്രമുണ്ട അമേരിക്കയ്‌ക്ക്.
2011 ജൂണിലാണ്, യുഎസിന്റെ ഭാഗമായ നോർത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ (നാറ്റോ) ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിയിലെ സൈനികകേന്ദ്രത്തിൽ മിസൈൽ തൊടുത്തത്. ലക്ഷ്യം പിഴച്ചതോടെ ഒട്ടേറെ സാധാരണക്കാരാണ് മരിച്ചത്.
ഒരു മാസത്തിനുശേഷം, പടിഞ്ഞാറൻ ലിബിയയിലെ സ്ലിറ്റൻ പട്ടണത്തിലെ ആശുപത്രിയിൽ നാറ്റോ നടത്തിയ ബോംബാക്രമണത്തിൽ ഏഴുപേർ മരിക്കുകയും ആശുപത്രിക്ക് പുറമെ നിരവധി ഭക്ഷ്യ സംഭരണശാലകൾ നശിക്കുകയും ചെയ്തു.
മുഅമ്മർ ഗദ്ദാഫിയെ നാറ്റോ പിന്തുണയുള്ള വിമതർ കൊലപ്പെടുത്തിയെന്ന റിപ്പോർട്ട് വന്നതിനു പിന്നാലെ, ‘ഞങ്ങൾ വന്നു, കണ്ടു, അദ്ദേഹം മരിച്ചു’ എന്ന് ‘ആഹ്ലാദഭരിതയായി’ ഹിലരി ക്ലിന്റൺ പ്രഖ്യാപിച്ചിരുന്നു.
2011-ലെ ലിബിയ അധിനിവേശ വേളയിൽ, നാറ്റോ സൈന്യം ലിബിയയുടെ ജലവിതരണം തടസ്സപ്പെടുത്തി. ഇന്നും ഉത്തരാഫ്രിക്കൻ രാജ്യം ജലക്ഷാമത്താൽ പൊറുതി മുട്ടുകയാണ്.
അഫ്ഗാനിസ്ഥാനിലെ ആശുപത്രികളിൽ യുഎസ് ബോംബെറിഞ്ഞു, എന്നാൽ പെന്റഗൺ അതിനെ യുദ്ധക്കുറ്റം എന്ന് വിളിക്കാൻ വിസമ്മതിച്ചു. ഒബാമയുടെ ഭരണകാലത്ത്, 2015 ഒക്ടോബറിൽ വടക്കൻ അഫ്ഗാനിസ്ഥാനിലെ കുന്ദൂസ് ട്രോമ സെന്റർ എന്ന ക്ലിനിക്ക് ലക്ഷ്യമിട്ട് യുഎസ് വ്യോമസേന വ്യോമാക്രമണം നടത്തി. സംഭവത്തിൽ 42 പേർ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പെന്റഗൺ ആരോപണങ്ങൾ നിഷേധിക്കുകയും ആക്രമണത്തെ ‘മനഃപൂർവമല്ലാത്തത്’ അബദ്ധം എന്നൊക്കെ ലളിതവൽക്കരിക്കുകയും ചെയ്തു. അഫ്ഗാനിസ്താനിൽ, യുദ്ധത്തിന്റെ അടിസ്ഥാന നിയമങ്ങൾ പാലിക്കുന്നതിൽ യുഎസ് സേന പരാജയപ്പെട്ടു.
1993 മുതൽ 2001 വരെ ഹിലരി അമേരിക്കയിലെ പ്രഥമ വനിത ഹിലരി ക്ലിൻറണായിരുന്നു. അവരുടെ ഭർത്താവ് ബിൽ ക്ലിന്റൺ 46-ാമത് യുഎസ് പ്രസിഡന്റായിരുന്ന കാലത്ത് സോമാലിയ, യുഗോസ്ലാവിയ, സുഡാൻ എന്നിവിടങ്ങളിൽ ‘യുദ്ധക്കുറ്റങ്ങൾ’ നടത്തി.
1993 സെപ്റ്റംബറിൽ, സോമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിലെ ഡിഗ്ഫർ ഹോസ്പിറ്റലിനു പുറത്ത് യുഎസ് ആർമി മോർട്ടാറുകൾ ഉപയോഗിച്ചു. ബോംബ് പൊട്ടിത്തെറിച്ച് മൂന്ന് സ്ത്രീകൾ മരിച്ചു. ആക്രമണം ആരംഭിച്ചപ്പോൾ രോഗികളും അവരുടെ ബന്ധുക്കളും ഓടിപ്പോയി, മരിച്ചവരെയും പരിക്കേറ്റവരെയും അവരോടൊപ്പം കൊണ്ടുപോയതിനാൽ എത്രപേർ മരിച്ചുഎന്നതിന് വ്യക്തതയില്ല.
1999 മെയ് മാസത്തിൽ യുഗോസ്ലാവിയയിലെ ബെൽഗ്രേഡിൽ നാറ്റോ യുദ്ധവിമാനങ്ങൾ ലേസർ ഗൈഡഡ് മിസൈലുകൾ ഉപയോഗിച്ച് ഒരു ആശുപത്രി തകർത്തു. മൂന്നുജീവൻ പൊലിഞ്ഞു. രണ്ട് സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
സുഡാനിലെ ഖാർത്തൂമിലെ അൽ ഷിഫ മരുന്നുഫാക്ടറിയിൽ 1998 ഓഗസ്റ്റ് 20-ന് ക്ലിന്റൺ ഭരണകൂടം ബോംബിട്ടു. മലേറിയ വിരുദ്ധ മരുന്നുകൾ ഉൾപ്പെടെ രാജ്യത്തെ ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളുടെ പകുതിയും നിർമ്മിച്ച കേന്ദ്രത്തിലായിരുന്നു ആക്രമണം. കെനിയയിലെയും ടാൻസാനിയയിലെയും യുഎസ് എംബസികൾക്ക് നേരെ ഒസാമ ബിൻ ലാദൻ നടത്തിയ ബോംബാക്രമണത്തിന് പ്രതികാരമായിട്ടായിരുന്നു ആക്രമണം.
ഇങ്ങനെ യുഎസ് ചെയ്തുകൂട്ടിയ യുദ്ധക്കുറ്റത്തിന്റെ ചരിത്രമേറെയാണ്. റഷ്യയുടെ മരിയുപോൾ ആക്രമത്തെ യുദ്ധകുറ്റമായി കണ്ട ഹിലരി ക്ലിന്റൺ തന്റെ ഭർത്താവിന്റെ ഭരണകാലത്തോ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായിരിക്കുമ്പോഴോ അമേരിക്ക വിവിധ രാജ്യങ്ങളിലെ സാധാരണക്കാർക്കെതിരെ നടത്തിയ യുദ്ധകുറ്റത്തിനെതിരെ ഒരക്ഷരം മിണ്ടിയിട്ടില്ല. റഷ്യയുടെ നടപടികളെ ഇവിടെ ന്യായീകരിക്കുകയല്ല, മറിച്ച് റഷ്യയ്‌ക്കെതിരെ പറയാൻ യുഎസിന് ധാർമികമായി ഒരു അവകാശവുമില്ലെന്ന് വ്യക്തമാക്കുകയാണ്.
Comments