മുംബൈ: ഏവരും വാഴ്‌ത്തുന്ന സൗന്ദര്യത്തിനുടമയാണ് നടി ഐശ്വര്യ റായ്. താരത്തിന്റെ ഏതൊരു ചെറിയ കാര്യവും ആരാധകർ ആഘോഷമാക്കാറുണ്ട്. ഐശ്വര്യയ്‌ക്കൊപ്പം മകൾ ആരാധ്യയുടെ വിശേഷങ്ങൾക്കും സമൂഹമാദ്ധ്യമങ്ങളിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ പെൻസിൽ പരസ്യത്തിനായി എടുത്ത ഐശ്വര്യ റായിയുടെ ബാല്യകാല ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഐശ്വര്യയുടെ കുട്ടിക്കാല ചിത്രത്തിനൊപ്പം മകൾ ആരാധ്യയുടെ ചിത്രങ്ങളും കൂട്ടിച്ചേർത്ത് ഇരുവർക്കുമിടയിലെ സാമ്യം ചൂണ്ടിക്കാട്ടുകയാണ് ആരാധകർ.
വർഷങ്ങൾക്ക് മുൻപുള്ളതാണെങ്കിലും, ഐശ്വര്യയുടെ മുഖത്തെ ആ ചുഞ്ചിരിയും നോട്ടവും ഇന്നും അതുപോലെ തന്നെയുണ്ടെന്നും, ആ ചിരിയും നോട്ടവും മകൾ ആരാധ്യയ്‌ക്ക് അതേപോലെ പകർന്ന് കിട്ടിയിട്ടുണ്ടെന്നും ആരാധകർ അഭിപ്രായപ്പെടുന്നു. അമ്മയുടെ കാർബൺ കോപ്പിയാണ് മകൾ എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്.
ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും പൊന്നോമന പുത്രിയാണ് ആരാധ്യ. 2011 നവംബർ 16നാണ് ആരാധ്യ ജനിച്ചത്. മകളുടെ ജനനത്തിന് ശേഷം കുറച്ചുനാളുകൾ ഐശ്വര്യ സിനിമയിൽ നിന്നും വിട്ടുനിന്നിരുന്നു.
ഒരു ചെറിയ ഇടവേളക്ക് ശേഷം ഐശ്വര്യ റായ് വീണ്ടും വെള്ളിത്തിരയിൽ സജീവമാവുകയാണ്. തമിഴ് സംവിധായകൻ മണിരത്നത്തിന്റെ പൊന്നിയൻ സെൽവനിലൂടെയാണ് ഐശ്വര്യയുടെ റീഎൻട്രി. ദീർഘനാളത്തെ ഇടവേളക്കു ശേഷമാണ് ഐശ്വര്യ ഒരു തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഇരട്ട വേഷത്തിലാണ് ഐശ്വര്യ ചിത്രത്തിലെത്തുന്നത്. രണ്ടു ഭാഗങ്ങളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ നേരത്തെ പുറത്തിറങ്ങിയിരുന്നു.
Comments