ടോക്കിയോ: അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഇലക്ട്രിക് വാഹന വിപണിയിൽ പുതുചരിത്രം സൃഷ്ടിക്കാനൊരുങ്ങി ജപ്പാൻ വാഹന നിർമ്മാതാക്കളായ ഹോണ്ട മോട്ടോർ. 2030ഓടെ ആഗോളതലത്തിൽ 30ലധികം ഇലക്ട്രിക് വാഹന മോഡലുകൾ പുറത്തിറക്കാനാണ് ഹോണ്ട ലക്ഷ്യമിടുന്നത്. കൂടാതെ, ഇവി രംഗത്തെ ഗവേഷണത്തിനും വികസനത്തിനുമായി അടുത്ത 10 വർഷത്തിനുള്ളിൽ എട്ട് ട്രില്യൺ യെൻ അതായത് 64 ബില്യൺ ഡോളർ ചെലവഴിക്കാനും നിർമ്മാതാക്കൾ പദ്ധതിയിടുന്നുണ്ട്.
ആഗോളതലത്തിൽ ടെസ്ലയെ പോലുള്ള ഇവി നിർമ്മാതാക്കളെ പിന്നിലാക്കാനും, യുഎസ് അടക്കമുള്ള രാജ്യങ്ങളിൽ ആധിപത്യം സ്ഥാപിക്കാനുമാണ് ഹോണ്ട പദ്ധതിയിടുന്നത്. 2030ഓടെ പ്രതിവർഷം 2 ദശലക്ഷം ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കും. കമ്പനിയുടെ നിക്ഷേപത്തിന്റെ ഭൂരിഭാഗവും വൈദ്യുതീകരണത്തിലും, സോഫ്റ്റ് വെയർ സാങ്കേതികവിദ്യകളിലുമായിരിക്കുമെന്നും നിർമ്മാതാക്കൾ അറിയിച്ചു.
2024ഓടെ സോളിഡ്-സ്‌റ്റേറ്റ് ബാറ്ററികളുടെ നിർമ്മാണത്തിനായി 43 ബില്യൺ യെൻ ചെലവഴിക്കും. ഇതോടെ ഇവി രംഗത്ത് മറ്റ് നിർമ്മാതാക്കളെ പിന്നിലാക്കുമെന്നും ഹോണ്ട കൂട്ടിച്ചേർത്തു. ടോക്കിയോയിൽ ഇന്ന് രാവിലെ വ്യാപാരം അവസാനിപ്പിച്ചപ്പോൾ, ഹോണ്ടയുടെ ഓഹരികൾ 0.7 ശതമാനം ഉയർന്നിരുന്നു. വരുന്ന നാളുകൾ ഹോണ്ട ഇവികളുടെ വളർച്ചയുടേതായിരിക്കുമെന്നും നിർമ്മാതാക്കൾ പറയുന്നു.
Comments