ന്യൂഡൽഹി: പെൻഷൻകാർക്കും പെൻഷൻ പറ്റിയ പ്രായാധിക്യമുള്ള മുതിർന്ന പൗരന്മാർക്കും വേണ്ടി ഏകജാലക പോർട്ടൽ ആരംഭിക്കുമെന്ന് കേന്ദ്ര ഉദ്യോഗസ്ഥ-പൊതു പരാതി-പെൻഷൻ കാര്യ സഹമന്ത്രി ഡോ.ജിതേന്ദ്ര സിംഗ്. പെൻഷൻ ചട്ടങ്ങൾ, 2021 അവലോകനം ചെയ്യുന്നതിനും യുക്തിസഹമാക്കുന്നതിനുമുള്ള സ്റ്റാന്റിംഗ് കമ്മിറ്റി ഓഫ് വോളണ്ടറി ഏജൻസിസിന്റെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.
പെൻഷൻകാർക്ക് പരാതികൾ ഉന്നയിക്കാനും ബന്ധപ്പെട്ട അധികാരികളെ നേരിട്ട് സമീപിക്കാതെ തന്നെ പരിഹരിക്കാനും സാധിക്കുന്ന ഏകജാലക പെൻഷൻ പോർട്ടൽ ആണ് യാഥാർത്ഥ്യമാക്കുക. പരാതി തീർപ്പാക്കുന്നതുവരെ പെൻഷൻകാർക്കും നോഡൽ ഓഫീസർമാർക്കും സിസ്റ്റത്തിൽ പരാതിയുടെ തൽസ്ഥിതി ഓൺലൈനായി കാണാൻ കഴിയും.
പെൻഷൻ കുടിശ്ശികയുടെ നടപടികൾ പൂർത്തിയാക്കുന്നതിനും, കുടിശ്ശിക അനുവദിക്കുന്നതിനും, വിതരണം ചെയ്യുന്നതിനും ഉത്തരവാദിത്വപ്പെട്ട എല്ലാ മന്ത്രാലയങ്ങളെയും ഈ സംവിധാനവുമായി ബന്ധിപ്പിച്ചതായും പരാതികൾ വിലയിരുത്തിയ ശേഷം പരിഹാരത്തിനായി, ബന്ധപ്പെട്ട മന്ത്രാലയത്തിന് കൈമാറാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
96 മന്ത്രാലയങ്ങളുടെ പ്രധാന സെക്രട്ടേറിയറ്റിലും ബന്ധപ്പെട്ട 813 ഓഫീസുകളിലും ഉൾപ്പെടെ സംയോജിത ഓൺലൈൻ പെൻഷൻ പ്രോസസ്സിംഗ് സംവിധാനം ആയ ‘ഭവിഷ്യ’ പ്ലാറ്റ്‌ഫോം, നിലവിൽ വിജയകരമായി പ്രവർത്തിച്ച് വരികയാണെന്ന് മന്ത്രി അറിയിച്ചു. ഇന്നേ ദിവസം വരെ, 1,50,000-ത്തിലധികം കേസുകളിൽ നടപടി സ്വീകരിച്ച് പിപിഒകൾ വിതരണം ചെയ്തു. ഇതിൽ 80,000-ത്തിൽ അധികം ഇ പിപിഒകളും ഉൾപ്പെടുന്നതായി മന്ത്രി പറഞ്ഞു.
2020 നവംബറിൽ പോസ്റ്റ്മാൻമാർ മുഖേന ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനുള്ള വാതിൽപ്പടി സേവനം ആരംഭിച്ചതിന് ശേഷം, ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് വഴി 3,08,625-ലധികം ലൈഫ് സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചതായി ഡോ. ജിതേന്ദ്ര സിംഗ് അറിയിച്ചു. ലൈഫ് സർട്ടിഫിക്കറ്റ് ഡിജിറ്റലായി സമർപ്പിക്കുന്നതിന്, ആൻഡ്രോയിഡ് ഫോണിലൂടെയുള്ള ഫെയ്സ് ഓതന്റിക്കേഷൻ ടെക്നിക്ക് 2021 നവംബർ 29 ന് ആരംഭിച്ചതായും ഇതുവരെ 20,500-ലധികം ലൈഫ് സർട്ടിഫിക്കറ്റുകൾ മുഖാധിഷ്ഠിത പരിശോധനയിലൂടെ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
















Comments