വയനാട്: വിസ വാഗ്ദാനം ചെയ്ത് മലയാളികളിൽ നിന്ന് കോടികൾ തട്ടിയെടുത്ത കേസിൽ സംസ്ഥാനാന്തര വിസ തട്ടിപ്പ് സംഘം പിടിയിൽ. പഞ്ചാബ് സ്വദേശികളായ നാലുപേരെയാണ് വയനാട് സൈബർ ക്രൈം പോലീസ് അറസ്റ്റു ചെയ്തത്. ഇന്ത്യ-പാകിസ്താൻ അതിർത്തിയായ അറ്റാര എന്ന സ്ഥലത്തു നിന്ന് അതി സാഹസികമായാണ് സൈബർപോലീസ് പ്രതികളെ പിടികൂടിയത്.
പഞ്ചാബ് ഭട്ടിൻഡ സ്വദേശികളായ രാജനീഷ് (35), ചരൺജീത് കുമാർ (38), ഇന്ദർപ്രീത് സിങ് (34) സിർകാപുർ സ്വദേശി കപിൽ ഗാർഗ് (26) എന്നിവരെയാണ് അറസ്റ്റുചെയ്തത്.കാനഡയിലേക്ക് വിസ നൽകാമെന്ന പേരിൽ മീനങ്ങാടി സ്വദേശിയിൽ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അന്തർ സംസ്ഥാന പ്രതികൾ പിടിയിലായത്.
ഓൺലൈൻ വഴി പരാതിക്കാരനെ ബന്ധപ്പെട്ട പ്രതികൾ കാനഡയിൽ പോകാൻ വിസ നൽകാം എന്ന് വിശ്വസിപ്പിച്ചു പലതവണയായി 15 ലക്ഷം രൂപ വാങ്ങുകയായിരുന്നു. ആദ്യം ചെറിയ സംഖ്യകളായി തുക വാങ്ങി ഉപഭോക്താവിനെ വിശ്വാസത്തിലെടുത്താണ് ഇത്രയും വലിയ തുക കബളിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
വിസ വൈകിയതോടെ പണം തിരിച്ചുനൽകണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടപ്പോൾ നടപടികൾ പൂർത്തിയാകാകാൻ മൂന്ന് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. കബളിപ്പിക്കൽ ആണെന്ന് മനസിലായതോടെ പരാതി നൽകുകയായിരുന്നു.
പ്രതികൾ സമാനമായരീതിയിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും പ്രതികളുടെ വാട്‌സാപ്പ് സന്ദേശങ്ങൾ പരിശോധിച്ചപ്പോൾ കൂടുതൽ മലയാളികൾ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
കോട്ടയം, പത്തനംതിട്ട ഉൾപ്പടെ സംസ്ഥാനത്തെ വിവിധഭാഗങ്ങളിൽ ഇവർ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് വിവരം.കാനഡയിലേക്കുള്ള വിസയായിരുന്നു പ്രധാന വാഗ്ദാനം.
സമൂഹ മാദ്ധ്യമങ്ങളിൽ പരസ്യം നൽകിയായിരുന്നു പ്രതികളുടെ തട്ടിപ്പ്. വിസ തട്ടിപ്പ് സംഘത്തിലെ മുഖ്യകണ്ണിയായ സ്ത്രീയെ പിടികൂടാനുള്ള ശ്രമം തുടരുന്നതായാണ് റിപ്പോർട്ട്.
















Comments