ന്യൂഡൽഹി: രണ്ട് മാസമായി തുടരുന്ന റഷ്യ യുക്രെയ്ൻ യുദ്ധം പഠന വിധേയമാക്കാൻ ഒരുങ്ങി ഇന്ത്യൻ സൈന്യം. യുക്രെയ്നിൽ നടക്കുന്ന യുദ്ധവുമായി ബന്ധപ്പെട്ട് പലതും പഠിക്കാനുണ്ടെന്നാണ് ഇന്ത്യൻ സൈന്യം വ്യക്തമാക്കുന്നത്. യുദ്ധ തന്ത്രങ്ങൾ, അതിലെ പാളിച്ചകൾ, യുദ്ധത്തിനായി റഷ്യ ചെലവഴിക്കുന്ന പണം, റഷ്യൻ സൈനിക ഉപകരണങ്ങളുടെ പ്രകടനം തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സൈന്യത്തിന്റെ ലക്ഷ്യം.
ദേശീയ സുരക്ഷാ ആസൂത്രകരുടെ ഉപദേശ പ്രകാരമാണ് ഇക്കാര്യം പഠന വിധേയമാക്കുന്നത്. ഏഴ് ആഴ്ചയിലധികം നീണ്ടു നിന്ന യുദ്ധത്തിൽ പയറ്റിയ തന്ത്രങ്ങളും വിശദമായി പരിശോധിക്കും. യുക്രെയ്ൻ അധിനിവേശത്തിലൂടെ പുടിൻ നേടിയ നയതന്ത്ര നേട്ടങ്ങളും വിശകലനം ചെയ്യും. റഷ്യയുടെ ലക്ഷ്യങ്ങൾ ചെറുതായി നിറവേറിയെങ്കിലും അതിന് നൽകേണ്ടി വന്നത് വലിയ വിലയാണെന്ന അഭിപ്രായമാണ് ഇന്ത്യൻ സൈനിക നേതൃത്വം പങ്കുവെയ്‌ക്കുന്നത്.
ഇത് റഷ്യയെ പ്രതികൂലമായി ബാധിക്കും. യുദ്ധത്തിൽ റഷ്യയ്‌ക്ക് നിരവധി കമാൻഡർമാരെ നഷ്ടമായി. അതുകൊണ്ട് തന്നെ പല ഘട്ടങ്ങളിലും റഷ്യ ബുദ്ധിമുട്ട് നേരിട്ടുവെന്ന് 15 കോർപ്‌സ് മുൻ കമാൻഡർ ലഫ്. ജനറൽ സുബ്രത സാഹ പറഞ്ഞു.
റഷ്യ പ്രതീക്ഷിച്ചതിലും ഏറെ ശക്തമായാണ് യുക്രെയ്ൻ പ്രതിരോധിച്ചത് എന്ന് ഇന്ത്യൻ സൈന്യത്തിലെ മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു. തുടക്കത്തിൽ ഗോലിയാത്തും ദാവീദും തമ്മിലുള്ള യുദ്ധമെന്നായിരുന്നു റഷ്യ-യുക്രെയ്ൻ യുദ്ധത്തെ വിശേഷിപ്പിച്ചിരുന്നത്. യുദ്ധത്തിൽ റഷ്യയ്‌ക്ക് 476 ടാങ്കുകളാണ് നഷ്ടമായത് എന്നും ഇന്ത്യയെ സംബന്ധിച്ച് ഇത് നിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യയ്‌ക്ക് മേൽ മറ്റ് വിദേശ രാജ്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം രാജ്യത്തെ പ്രതികൂലമായി ബാധിക്കും എന്നാണ് വിലയിരുത്തൽ. വരും നാളുകളിൽ സമാനമായ യുദ്ധ സാഹചര്യങ്ങൾ മെച്ചപ്പെട്ട രീതിയിൽ മറികടക്കുന്നതിനും ഇതിനുളള തയ്യാറെടുപ്പുകൾ സജീവമാക്കാനുമാണ് ഇന്ത്യൻ സൈന്യം ഇക്കാര്യം പഠനവിധേയമാക്കുന്നത്.
Comments