ദിയോഗർ: ഝാർഖണ്ഡിലെ ദിയോഗറിൽ റോപ് വേ ദുരന്തത്തിൽ നിന്നും രക്ഷപെട്ടവർ മരണത്തെ മുഖാമുഖം കണ്ടതിന്റെ നടുക്കത്തിൽ നിന്നും ഇനിയും മുക്തരായിട്ടില്ല. 48 മണിക്കൂറോളമാണ് ഇവർ കേബിൾ കാറുകളിൽ കുടുങ്ങിക്കിടന്നത്.
40 മണിക്കൂറിലധികമെടുത്താണ് വായുസേനയും ദേശീയ ദുരന്ത നിവാരണ സേനയും സൈന്യവും ഇവരെ രക്ഷപെടുത്തിയത്. അപകടമുണ്ടായതോടെ മരണമായിരുന്നു മുന്നിലെന്ന് രക്ഷപെട്ടവർക്കൊപ്പം ഉണ്ടായിരുന്ന ബിഹാറിലെ മധുബാനിയിൽ നിന്നുളള വിനോദസഞ്ചാരി പറഞ്ഞു.
രക്ഷപെട്ടവർക്കൊപ്പം ഉണ്ടായിരുന്ന വിനയ് കുമാർ ദാസും കുടുംബാംഗങ്ങളും തൊഴുകൈകളോടെയാണ് രക്ഷാപ്രവർത്തകരെ അഭിമുഖീകരിച്ചത്. കുടുംബാംഗങ്ങളായ ആറ് പേർക്കൊപ്പമായിരുന്നു വിനയ് കുമാർ കേബിൾ കാറിൽ കയറിയത്. കുടിക്കാൻ വെള്ളം പോലും കിട്ടാത്ത അവസ്ഥ മുന്നിൽ കണ്ട് കുപ്പികളിൽ മൂത്രം ശേഖരിച്ച് വെയ്ക്കുക പോലും ചെയ്തിരുന്നതായി വിനയ് കുമാർ പറയുന്നു.
ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്. രാത്രി മുഴുവൻ പട്ടിണിയിരിക്കേണ്ടി വന്നു. മണിക്കൂറുകൾക്ക് ശേഷമാണ് ഡ്രോണുകൾ ഉപയോഗിച്ച് ഇവർക്ക് വെളളം എത്തിച്ച് നൽകാൻ കഴിഞ്ഞത്. വ്യാഴാഴ്ച 15 പേരെ രക്ഷപെടുത്തിയിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ താഴെ വീണ് രണ്ട് പേർ മരിക്കുകയും ചെയ്തു. പരിക്കേറ്റ 12 പേർ ചികിത്സയിലാണ്.
സൈന്യത്തിന്റെ മി 17 ഹെലികോപ്ടറാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. അന്തരീക്ഷ മർദ്ദത്തിന്റെ ആധിക്യം നിമിത്തം 2000 അടി ഉയരത്തിൽ പറന്നായിരുന്നു രക്ഷാപ്രവർത്തനം. അസാധാരണമായ സാഹചര്യത്തിൽ പോലും കൂടുതൽ അപകടം ഒഴിവാക്കി രക്ഷാപ്രവർത്തനം നടത്തിയ സേനാ വിഭാഗങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുളളവർ അഭിനന്ദിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവരുമായി പ്രധാനമന്ത്രി വൈകിട്ട് ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു.
Comments