അഹമ്മദാബാദ് : തിരഞ്ഞെടുപ്പ് വരാനിരിക്കെ ഗുജറാത്ത് കോൺഗ്രസിൽ തമ്മിലടി ആരംഭിച്ചു. ഗുജറാത്ത് കോൺഗ്രസ് ഉപാദ്ധ്യക്ഷനും രാജ്കോട്ട് ഈസ്റ്റ് മുൻ എംഎൽഎയുമായ ഇന്ദ്രനീൽ രാജ്ഗുരു പാർട്ടി വിട്ടു. രണ്ട് കോർപ്പറേഷൻ കൗൺസിലർമാരും ഇന്ദ്രനീൽ രാജ്ഗുരുവിനോടൊപ്പം കോൺഗ്രസ് വിട്ട് ആം ആദ്മി പാർട്ടിയിൽ ചേർന്നു.
വശറാംഭായി സഗാതിയ, കോമൾബെൻ ബരായി എന്നിവരാണ് രാജ്ഗുരുവിനൊപ്പം എഎപിയിൽ ചേർന്നത്. സഗാതിയ മുൻ കോർപ്പറേഷൻ പ്രതിപക്ഷ നേതാവാണ്.
ഡൽഹി മുഖ്യമന്ത്രി ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്നും പാർട്ടിക്ക് വേണ്ടിയല്ലെന്നും രാജ്ഗുരു പറഞ്ഞു. കോൺഗ്രസിന് ബിജെപിയുടെ ബദലാകാൻ സാധിക്കില്ല, അതിനാലാണ് പാർട്ടി വിട്ടത്. ജനങ്ങളെ സേവിക്കാനാണ് കോൺഗ്രസിൽ ചേർന്നത്. എന്നാൽ ബിജെപി ഭരണം പിടിച്ചെടുത്തു. കോൺഗ്രസിന് ബിജെപിയെ തകർക്കാൻ കഴിവില്ലെന്നും രാജ്ഗുരു കൂട്ടിച്ചേർത്തു.
സൗരാഷ്‌ട്രയിലെ പ്രമുഖ കോൺഗ്രസ് നേതാവായ രാജ്ഗുരു പാർട്ടിയുടെ സിറ്റി പ്രസിഡന്റായിരുന്നു. നിയമസഭയിലെ ഏറ്റവും സമ്പന്നനായ എംഎൽഎയും റിയൽ എസ്റ്റേറ്റ് ബിസിനസുകാരനുമായ ഇദ്ദേഹത്തിന്റെ റിസോർട്ടിലാണ് തിരഞ്ഞെടുപ്പുവേളകളിൽ എംഎൽഎമാരെ സുരക്ഷിതമായി താമസിപ്പിച്ചിരുന്നത്.
പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയവർക്കെതിരേ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് 2018-ൽ രാജ്ഗുരു കോൺഗ്രസ് വിട്ടിരുന്നു. തുടർന്ന് അടുത്തവർഷം പാർട്ടിയിൽ തന്നെ തിരിച്ചെത്തി.
















Comments