ഇസ്ലാമാബാദ്: ഇന്ത്യക്കാരുടെ മനസിൽ ഇടംപിടിച്ച പാകിസ്താനിലെ ജീവകാരുണ്യ സംഘടനയായ ഈദി ഫൗണ്ടേഷൻ സ്ഥാപക ബിൽക്കിസ് ബാനു ഈദിയുടെ നിര്യാണത്തിൽ പാകിസ്താനിലെ ഇന്ത്യൻ എംബസി അനുശോചിച്ചു. ട്രെയിൻ മാറിക്കയറി പാകിസ്താനിലെത്തിയ മൂകയും ബധിരയുമായ ഗീത എന്ന ഇന്ത്യൻ പെൺകുട്ടിയെ ഒര ദശാബ്ദത്തോളം പരിപാലിച്ചതിലൂടെയാണ് ബിൽക്കിസ് ബാനു ഈദിയും ഫൗണ്ടേഷനും ഇന്ത്യയിൽ പരിചിതമാകുന്നത്.
ബിൽക്കിസ് ബാനുവിന്റെയും ഈദി ഫൗണ്ടേഷന്റെയും ജീവകാരുണ്യ സഹായങ്ങൾ പാകിസ്താന്റെ അതിർത്തിക്ക് അപ്പുറത്തും അംഗീകരിക്കപ്പെടുമെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ അനുശോചനക്കുറിപ്പിൽ പറഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് കറാച്ചിയിലെ ആശുപത്രിയിൽ 74 കാരിയായ ബിൽക്കിസ് ബാനു ഈദി അന്തരിച്ചത്. മകൻ ഫൈസൽ ഈദിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ലാഹോർ റെയിൽവേ സ്റ്റേഷനിൽ സംഝോത എക്സ്പ്രസിൽ ഒറ്റയ്‌ക്കിരിക്കുന്ന നിലയിലാണ് ഗീതയെ പാകിസ്താൻ അതിർത്തി രക്ഷാസേനാംഗങ്ങൾ കണ്ടെത്തിയത്. ഏഴോ എട്ടോ വയസായിരുന്നു ഗീതയ്‌ക്ക് പ്രായം. മിണ്ടാനും കേൾക്കാനും കഴിയാത്തതിനാൽ എവിടെ നിന്നാണ് വന്നതെന്ന് ചോദിച്ച് മനസിലാക്കാനും കഴിഞ്ഞിരുന്നില്ല. തുടർന്നാണ് ബിൽക്കിസ് ബാനു ഈദിയുടെ ഫൗണ്ടേഷൻ ഗീതയുടെ സംരക്ഷണം ഏറ്റെടുത്തത്.
ഇന്ത്യൻ സിനിമകളോട് പെൺകുട്ടി കാണിക്കുന്ന താൽപര്യം മനസിലാക്കിയാണ് ഇന്ത്യക്കാരിയാണെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് 2015 ൽ ഗീതയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. ഇതോടെയാണ് ബിൽക്കിസ് ബാനുവും ഇന്ത്യക്കാരുടെ മനസിൽ ഇടംപിടിക്കുന്നത്. ബിൽക്കിസിന്റെ ഭർത്താവും സാമൂഹ്യപ്രവർത്തകനുമായിരുന്ന അബ്ദുൾ സത്താർ ഈദിയാണ് 1951 ൽ ഈദി ഫൗണ്ടേഷന് തുടക്കമിട്ടത്.
പാകിസ്താനിലെ മദർ തെരേസ എന്നും ഇവർ അറിയിപ്പെട്ടിരുന്നു. പൊതുസേവനത്തിന് രമൺ മാഗ്സസെ അവാർഡ്, സാമൂഹ്യനീതിക്കുളള മദർ തെരേസ സ്മാരക അന്താരാഷ്‌ട്ര പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
















Comments