വാലുള്ള പയ്യനെന്ന വിശേഷണത്തിന് അർഹനായ പത്താം ക്ലാസുകാരനാണ് ദേശാന്ത് അധികാരി. നേപ്പാളാണ് സ്വദേശം. കുട്ടിക്കാലം മുതലേ ദേശാന്തിന് വാലുണ്ട്. വാലെന്ന് പറഞ്ഞാൽ നട്ടെല്ലിന്റെ അറ്റത്തുനിന്നും മുടി വളരുന്നുവെന്നതാണ് ദേശാന്തിന്റെ ശരീരത്തിന്റെ പ്രത്യേകത. ആ മുടി നീണ്ട് കിടക്കുമ്പോൾ ഒറ്റനോട്ടത്തിൽ ആർക്കും വാലാണെന്ന് തോന്നിപ്പോകും. അങ്ങനെയാണ് ലോകത്തെ ഏക വാലുള്ള പയ്യനായി ദേശാന്ത് മാറിയത്.
അയ്യേ, നിനക്ക് വാലുണ്ടല്ലോ എന്ന് പറഞ്ഞ് പലരും കളിയാക്കുമ്പോൾ ആദ്യം ലജ്ജയായിരുന്നു ഈ 16-കാരന് തോന്നിയിരുന്നത്. അതിനാൽ തന്റെ വാൽ പരമാവധി മറച്ചുവെച്ചാണ് ദേശാന്ത് ജീവിച്ചിരുന്നത്. എന്നാൽ ഇനിയും അതിന് തയ്യാറല്ലെന്ന നിലപാടിലാണിപ്പോൾ ഈ മിടുക്കനായ കൗമാരക്കാരൻ.
70 സെന്റിമീറ്റർ നീളമുള്ള മുടിയാണ് വാലിന്റെ രൂപത്തിൽ ദേശാന്തിനുള്ളത്. നട്ടെല്ലിന് അടിയിൽ നിന്ന് ആരംഭിക്കുന്ന ഈ മുടിയുടെ നീളം കണ്ടാണ് പലരും ദേശാന്തിന് വാലുണ്ടെന്ന് പരിഹസിച്ചത്. വലിയ സങ്കടമായിരുന്നു ആദ്യം ദേശാന്തിന്. തനിക്ക് മാത്രം എങ്ങനെ ഇപ്രകാരം സംഭവിച്ചുവെന്ന് ഓർത്ത് അവൻ ദുഃഖിച്ചു.
നട്ടെല്ലിൽ മുടി വളരുന്നത് കണ്ട് ദേശാന്തിന്റെ മാതാപിതാക്കൾക്കും വലിയ ആശങ്കയായിരുന്നു. മുടിയുടെ വളർച്ച നിർത്താൻ അവനെ നിരവധി ഡോക്ടർമാരെ കാണിച്ചു. നേപ്പാളിലെ ഒട്ടുമിക്ക ആശുപത്രിയിലും ചികിത്സ തേടി. അതിന് ശേഷം വിദേശത്തും പോയി. എന്നിട്ടും മുടി വളർച്ച തടയുന്നതിന് പരിഹാരം ലഭിച്ചില്ല. എന്തുകൊണ്ടാണ് ദേശാന്തിന് നട്ടെല്ലിന്റെ ഭാഗത്ത് ഇപ്രകാരം മുടി വളരുന്നതെന്ന് ഡോക്ടർമാർക്ക് കണ്ടെത്താനുമായില്ല. ഇതോടെ മാതാപിതാക്കൾക്ക് വിഷാദവും ആശങ്കയും തോന്നി.
അങ്ങനെയിരിക്കെ ദേശാന്തും അവന്റെ കുടുംബവും ഒരു പുരോഹിതനെ യാദൃശ്ചികമായി കാണാനിടയായി. വാലു കണ്ട ആ പുരോഹിതൻ ഹനുമാൻ സ്വാമിയോടാണ് ദേശാന്തിനെ ഉപമിച്ചത്. ഇതോടെ അന്നുവരെ ദേശാന്തിന് തോന്നിയിരുന്ന ലജ്ജയെല്ലാം മാറി. ഈ ലോകത്ത് തനിക്ക് മാത്രമുള്ള സവിശേഷതയാണ് ഈ വാലെന്ന് ദേശാന്ത് തിരിച്ചറിഞ്ഞു. മറച്ചുവെച്ച് നടന്നിരുന്ന വാൽ സധൈര്യം പുറത്തുകാട്ടാൻ ദേശാന്ത് തുടങ്ങുന്നത് അന്നുമുതലാണ്.
ദേശാന്ത് എന്ന കൗമാരക്കാരനെ ഈ ലോകമറിയാൻ തുടങ്ങിയത് ടിക്ക്‌ടോക്കിലൂടെയാണ്. ഒരിക്കൽ ടിക്ക്ടോക്കിൽ വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം ദേശാന്തും അവന്റെ ‘വാലും’ വൈറലാകുകയായിരുന്നു. ഇതോടെ വാലുള്ള പയ്യനെന്ന് കൂടുതലാളുകൾ വിശേഷിപ്പിക്കാൻ തുടങ്ങി. അതിൽ സന്തോഷം മാത്രമാണ് തോന്നുന്നതെന്നും ദേശാന്ത് പറയുന്നു.
പണ്ട് തന്റെ വാൽ രൂപത്തിലുള്ള മുടി മുറിച്ചുകളയാൻ ദേശാന്ത് ശ്രമിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ അത് ചെയ്യാറില്ല. മറ്റുള്ളവരിൽ നിന്ന് മറയ്‌ക്കാറുമില്ല. തന്റെ സവിശേഷതയിൽ വളരെ സംതൃപ്തനാണെന്നാണ് ഈ നേപ്പാൾ സ്വദേശിയുടെ നിലപാട്..















Comments