രാജ്യത്തിന്റെ നാല് വശങ്ങളിലായി നാല് ഹനുമാൻ പ്രതിമകൾ.. അതാണ് ഹനുമാൻജി ചാർധാം പദ്ധതി..
പദ്ധതിയുടെ ഭാഗമായി ഗുജറാത്തിലെ മോർബിയിൽ നിർമിച്ച 108 അടി ഉയരമുളള കൂറ്റൻ ഹനുമാൻ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. രാജ്യത്തിന്റെ പടിഞ്ഞാറുഭാഗത്ത് സ്ഥാപിച്ച പ്രതിമയാണിത്.
രാജ്യമെമ്പാടുമുള്ള ജനങ്ങൾ ഹനുമാൻ ജയന്തി ആഘോഷിക്കുന്ന ദിനത്തിലാണ് കൂറ്റൻ ഹനുമാൻ പ്രതിമ ഉദ്ഘാടനം ചെയ്യപ്പെട്ടത് എന്ന പ്രത്യേകതയുമുണ്ട്. രാജ്യത്തിന്റെ നാല് വശങ്ങളിലായി നിർമിക്കപ്പെടുന്ന പ്രതിമകളിൽ രണ്ടാമത്തെ ഹനുമാൻ പ്രതിമയാണിത്. മോർബിയിലെ ബാപ്പു കേശവാനന്ദ് ജി ആശ്രമത്തിലാണ് പ്രതിമ സ്ഥാപിതമായത്. ശിലയുടെ നിർമാണത്തിനായി 1,500 ടൺ അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ട്..
ഹനുമാൻ ജയന്തി ദിനത്തിൽ അനാച്ഛാദനം ചെയ്ത പ്രതിമ ഏകഭാരതം ശ്രേഷ്ഠ ഭാരതം എന്ന ആശയം പൂർത്തീകരിക്കുന്നതാണെന്ന് നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. രാമകഥയിലൂടെ ഇന്ത്യയുടെ വിശ്വാസവും, സംസ്‌കാരവും, പാരമ്പര്യവും ശക്തിപ്പെടുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഷിംലയിലാണ് പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ശില സ്ഥാപിച്ചത്. രാജ്യത്തിന്റെ വടക്കുദിശയിൽ സ്ഥാപിക്കപ്പെട്ട ഈ ശിലയുടെ നിർമ്മാണം പൂർത്തിയായത് രണ്ട് വർഷം സമയമെടുത്താണ്. രാജസ്ഥാനിൽ നിന്നുള്ള പ്രത്യേക സംഘമായിരുന്നു പ്രതിമ പണികഴിപ്പിച്ചത്. പ്രതിമയുടെ നിർമാണം പൂർത്തിയായത് 2010ലാണ്.
പദ്ധതിയുടെ ഭാഗമായുള്ള മൂന്നാമത്തെ ഹനുമാൻ പ്രതിമ രാമേശ്വരത്താണ് നിർമിക്കുക. രാജ്യത്തിന്റെ തെക്കുവശത്തുള്ള ഈ ശിലയുടെ നിർമാണം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ഫെബ്രുവരി 23നായിരുന്നു ഇതിന്റെ തറക്കല്ലിടൽ. നാലാമത്തെ പ്രതിമ ബംഗാളിലാണ് സ്ഥാപിക്കുക..















Comments