ചെന്നൈ: നരേന്ദ്ര മോദിയെ ഓർത്ത് അംബേദ്കർ അഭിമാനിക്കുമെന്ന് പറഞ്ഞ തന്റെ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നുവെന്ന് സംഗീതജ്ഞൻ ഇളയരാജ. തന്റെ അഭിപ്രായം ഒരിക്കലും പിൻവലിക്കില്ലെന്ന് ഇളയരാജ അറിയിച്ചു. നരേന്ദ്ര മോദിയുടെ ഭരണത്തിൽ ഇന്ത്യൻ ഭരണഘടനയുടെ പിതാവും സാമൂഹ്യപരിഷ്‌കർത്താവുമായ ഡോക്ടർ ബി.ആർ അംബേദ്കറും അഭിമാനിക്കുമെന്നാണ് ഇളയരാജ പറഞ്ഞത്.
സിനിമയിൽ നൽകിയ ഈണം നല്ലതല്ലെന്ന് പറഞ്ഞാൽ തിരികെ വാങ്ങില്ല, അതുപോല എന്റെ മനസിൽ എന്തു തന്നെയായാലും ഞാൻ സത്യം പറയാൻ മടിക്കില്ല. മറ്റുള്ളവരുടെ അഭിപ്രായം വ്യത്യസ്തമായിരുന്നു. എന്നാൽ ഇതാണ് എന്റെ അഭിപ്രായം. പരാമർശങ്ങളെ രാഷ്‌ട്രീയവത്ക്കരിക്കാൻ ആഗ്രഹിക്കുന്നില്ല’ ഇളയരാജ പ്രതികരിച്ചു. ബ്ലൂ ഗ്രാഫ് ഡിജിറ്റൽ ഫൗണ്ടേഷൻ ”മോദിയും അംബേദ്കറും” എന്ന പേരിലുള്ള പുസ്തകത്തിന്റെ അവതാരികയിലാണ് ഇളയരാജ പ്രധാനമന്ത്രിയെ കുറിച്ചും അംബേദ്കറിനെ കുറിച്ചും പരാമർശിച്ചത്.
അംബേദ്കർ ആൻഡ് മോദി: റിഫോമേഴ്‌സ് ഐഡിയാസ് പെർഫോമേഴ്‌സ് ഇംപ്ലിമെന്റേഷൻ’ എന്ന പുസ്തകത്തിന്റെ ആമുഖ കുറിപ്പിൽ ഇളയരാജ ഇരുവരേയും താരതമ്യം ചെയ്യുന്നുണ്ട്. മോദിക്കും അംബേദ്കറിനും ഒരുപാട് സാമ്യങ്ങളുണ്ട്. സമൂഹത്തിലെ അധഃസ്ഥിത വിഭാഗത്തിൽനിന്ന് പ്രതിസന്ധികളോട് പോരാടി വിജയിച്ചവരാണ് അംബേദ്കറും മോദിയുമെന്നാണ് ഇളയരാജ കുറിച്ചത്.
പട്ടിണിയും അടിച്ചമർത്തലുകളും ഇരുവരും നേരിട്ടു. അസമത്വം ഇല്ലാതാക്കാനാണ് ഇരുവരും പ്രവർത്തിക്കുന്നത്. ഇരുവരും ഇന്ത്യക്ക് വേണ്ടി വലിയ സ്വപ്നങ്ങൾ കണ്ടു. ഇരുവരും പ്രയോഗികതയിലും പ്രവൃത്തിയിലും വിശ്വസിക്കുന്നവരായിരുന്നുവെന്നും ഇളയരാജ പറഞ്ഞിരുന്നു. സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങൾക്കനുസൃതമായി പുതിയ ഇന്ത്യ എങ്ങനെ നിർമ്മിക്കപ്പെടുന്നുവെന്നാണ് ഈ പുസ്തകം വിശദീകരിക്കുന്നത്.
Comments