മുംബൈ: സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട് മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ അന്വേഷണവിഭാഗം 60 വിദേശ പൗരൻമാർക്കെതിരെ എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ നാൽപത് പേരും ചൈനീസ് പൗരൻമാരാണ്. ബിസിനസ് സ്ഥാപനങ്ങളുടെ മറവിലാണ് ഇവർ സാമ്പത്തിക തട്ടിപ്പ് നടത്തിയത്.
ഇന്ത്യൻ നിയമങ്ങൾ ലംഘിച്ച് കമ്പനികൾ രജിസ്റ്റർ ചെയ്തതും ഇന്ത്യൻ കമ്പനികളുടെ ഡയറക്ടർ ബോർഡ് അംഗങ്ങളാണെന്ന് തെറ്റിദ്ധരിപ്പിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയതും ഇക്കൂട്ടത്തിൽ പെടും. നിയമനടപടികൾ പാലിക്കാതെ രജിസ്റ്റർ ചെയ്ത 34 കമ്പനികളാണ് കണ്ടെത്തിയത്.
ചൈനയെക്കൂടാതെ യുകെ, യുഎസ്, സൈപ്രസ്, യുഎഇ, തായ് വാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുളളവരാണ് വിവിധ കേസുകളിൽ പ്രതികളായ മറ്റ് വിദേശികൾ. ഇവരുൾപ്പെടെ 150 ഓളം പേർക്കെതിരെയാണ് സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഫെബ്രുവരിയിലാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. ബാക്കിയുളളവ ഈ മാസവും. വിശ്വാസലംഘനം, ക്രിമിനൽ ഗൂഢാലോചന, വഞ്ചന തുടങ്ങിയ വകുപ്പുകളാണ് കൂടുതൽ കേസുകളിലും ചുമത്തിയിരിക്കുന്നത്. ചില കേസുകളിൽ കമ്പനികളുടെ മേൽവിലാസം മാറ്റിയതും വാർഷിക റിപ്പോർട്ടിൽ ട്രാൻസാക്ഷനുകളിലും ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകളിലും തിരിമറി നടത്തിയതും ഉൾപ്പെടും.
















Comments