പാകിസ്താനിലെ ജീവകാരുണ്യ പ്രവർത്തക ബിൽക്കിസ് ബാനു ഈദിക്ക് ഇന്ത്യയുമായി എന്തായിരുന്നു ബന്ധം ? കഴിഞ്ഞ ദിവസം ഇവരുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുളളവർ അനുശോചനം അറിയിച്ചിരുന്നു. പാകിസ്താനിലെ ഒരു ജീവകാരുണ്യ പ്രവർത്തകയുടെ മരണത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി എന്തിന് അനുശോചിക്കണം എന്നായിരുന്നു പലരും ചിന്തിച്ചത്. പത്ത് വർഷത്തോളം പിന്നോട്ട് സഞ്ചരിക്കുമ്പോഴാണ് ആ ചരിത്രം നമുക്ക് വ്യക്തമാകുക. ഒരു ട്രെയിനിൽ ഒറ്റപ്പെട്ട് പാകിസ്താനിലെത്തിയ ബധിരയും മൂകയുമായ ഗീത എന്ന ഇന്ത്യൻ പെൺകുട്ടിയെ പത്ത് വർഷത്തോളം ഒരു അമ്മയുടെ വാത്സല്യം നൽകി പോറ്റിയ ബിൽക്കിസ് ബാനുവിനെ ഇന്ത്യക്കാർക്ക് അത്ര പെട്ടന്ന് മറക്കാനാകില്ല.
ലാഹോർ റെയിൽവേ സ്റ്റേഷനിൽ സംഝോത എക്‌സ്പ്രസിൽ ഒറ്റയ്‌ക്കിരിക്കുന്ന നിലയിലാണ് ഗീതയെ പാകിസ്താൻ അതിർത്തി രക്ഷാസേനാംഗങ്ങൾ കണ്ടെത്തിയത്. പതിനൊന്നോ പന്ത്രണ്ടോ വയസായിരുന്നു ഗീതയ്‌ക്ക് അന്ന് പ്രായം. മിണ്ടാനും കേൾക്കാനും കഴിയാത്തതിനാൽ എവിടെ നിന്നാണ് വന്നതെന്ന് ചോദിച്ച് മനസിലാക്കാനും കഴിഞ്ഞിരുന്നില്ല. തുടർന്നാണ് ബിൽക്കിസ് ബാനു ഈദിയുടെ ഫൗണ്ടേഷൻ ഗീതയുടെ സംരക്ഷണം ഏറ്റെടുത്തത്.
ഇന്ത്യൻ സിനിമകളോട് പെൺകുട്ടി കാണിക്കുന്ന താൽപര്യം മനസിലാക്കിയാണ് ഇന്ത്യക്കാരിയാണെന്ന് തിരിച്ചറിഞ്ഞത്.ട്രെയിനിൽ കണ്ടെത്തിയ പെൺകുട്ടിയെ ആദ്യം ഫാത്തിമ എന്നാണ് വിളിച്ചത്. കുട്ടി ഹിന്ദുവാണെന്ന് മനസിലായതോടെ പേര് ഗീത എന്ന് മാറ്റി. 2015 ലാണ് ഈ പെൺകുട്ടിയുടെ കഥ ലോകം അറിയുന്നത്. ഇതോടെ അന്നത്തെ വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജ് പെൺകുട്ടിയെ തിരികെ എത്തിക്കാനുള്ള നടപടിക്രമങ്ങൾ ചെയ്തു. രാധ വാഗ്മാനെ എന്നായിരുന്നു ആ പെൺകുട്ടിയുടെ യഥാർത്ഥ പേര്. 2015 ൽ തന്നെ ഗീതയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു.
ഈ സംഭവത്തിലൂടെയാണ് ബിൽക്കിസ് ബാനുവും ഇന്ത്യക്കാരുടെ മനസിൽ ഇടംപിടിക്കുന്നത്. ബിൽക്കിസിന്റെ ഭർത്താവും സാമൂഹ്യപ്രവർത്തകനുമായിരുന്ന അബ്ദുൾ സത്താർ ഈദിയാണ് 1951 ൽ ഈദി ഫൗണ്ടേഷന് തുടക്കമിട്ടത്. ഇതിന്റെ പിൻബലത്തോടെ ഇവർ ജീവകാരുണ്യ പ്രവർത്തനങ്ങൾ ആരംഭിച്ചു. അനാഥരായ, വഴിയിൽ ഉപേക്ഷിക്കപ്പെടുന്ന കുട്ടികളെയാണ് ഈദി ഫൗണ്ടേഷൻ സഹായിച്ചത്. അനാഥരുടെ ക്ഷേമത്തിനായി എല്ലാ സഹായങ്ങളും ചെയ്ത ബിൽക്കിസ് പാകിസ്താന്റെ അമ്മ എന്ന് അറിയപ്പെട്ടു. 16,000 ത്തോളം കുട്ടികളെ ഈ സംഘടനയിലൂടെ അവർ ജീവിതത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.
പാകിസ്താനിലെ മദർ തെരേസ എന്നും ഇവർ അറിയിപ്പെട്ടിരുന്നു. പൊതുസേവനത്തിന് രമൺ മാഗ്‌സസെ അവാർഡ്, സാമൂഹ്യനീതിക്കുളള മദർ തെരേസ സ്മാരക അന്താരാഷ്‌ട്ര പുരസ്‌കാരം തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.വാർദ്ധക്യസഹജമായ രോഗങ്ങൾ ബാധിച്ച് 74 ാം വയസ്സിലാണ് ഇവർ മരിച്ചത്.















Comments