ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദന സന്ദേശത്തിന് മറുപടി നൽകി പാകിസ്താന്റെ പുതിയ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാൻ എല്ലാ പരിശ്രമങ്ങളും നടത്തുമെന്ന് പറയുന്ന ഷെഹ്ബാസ് പക്ഷേ ജമ്മുകശ്മീർ പ്രശ്‌നത്തിലെ ആശങ്ക രേഖപ്പെടുത്താൻ മറന്നിട്ടില്ല.
‘ഇസ്ലാമാബാദ് എന്നും സമാധാനം പുലരണമെന്നാണ് ആഗ്രഹിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസകൾക്കും നല്ല വാക്കുകൾക്കും നന്ദി പറയുന്നു. അതിർത്തി വിഷയങ്ങളിലെ നരേന്ദ്രമോദിക്കും ഇന്ത്യയിലെ ജനങ്ങൾക്കുമുള്ള ആശങ്ക എല്ലാ അർത്ഥത്തിലും ഉൾക്കൊള്ളുന്നു. ഒപ്പം ഭീകരതയ്‌ക്കെതിരെ പാകിസ്താനും നിരവധി ത്യാഗങ്ങളിലൂടേയും പ്രയാസങ്ങളിലൂടേയുമാണ് കടന്നുപോകുന്നതെന്നും ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു’ ഷെഹ്ബാസ് പറഞ്ഞു.
മേഖലയിലെ ജനങ്ങളുടെ സാമൂഹിക സാംസ്‌കാരിക ഉന്നമനത്തിന് ഇന്ത്യാ-പാകിസ്താൻ സൗഹൃദം അനിവാര്യമാണെന്ന് തിരിച്ചറിയുന്നു. അതിനായി സമാധാന ചർച്ചകളും വിവിധ തലത്തിലെ കൂടിക്കാഴ്ചകൾക്കും ഒരുക്കവുമാണ്. ഇതിൽ ജമ്മുകശ്മീർ നിലവിൽ ഒരു വിഷയമായി തന്നെ പരിഗണിക്കേണ്ട അവസ്ഥയുണ്ടെന്നും ഷെഹ്ബാസ് കത്തിൽ സൂചിപ്പിക്കുന്നു.
ഭീകരത സാമ്പത്തികമായും ആഗോളതലത്തിൽ വലിയ സമ്മർദ്ദമാണ് പാകിസ്താന് ഉണ്ടാക്കുന്നത്. നിലവിൽ സാമ്പത്തിക മേഖലയിലെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ നിയന്ത്രണം നീക്കാൻ എല്ലാ ഭരണപരമായ നടപടികളും അതിവേഗം സ്വീകരിക്കുമെന്നും ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള ഭരണത്തിനായി കഠിനമായി പരിശ്രമിക്കുമെന്നും ഷെഹ്ബാസ് നരേന്ദ്രമോദിക്ക് കത്തിലൂടെ ഉറപ്പുനൽകുകയാണ്.
















Comments