മുംബൈ: ഏപ്രിൽ 14നായിരുന്നു ആലിയ-രൺബീർ താര ജോഡികളുടെ വിവാഹം. ബാന്ദ്ര പാലി ഹിൽസിലെ രൺബീറിന്റെ വാസ്തുവെന്ന വീട്ടിൽവെച്ച് അടുത്ത സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകൾ. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. വിവാഹാഘോഷത്തിന് മുന്നോടിയായി നടന്ന മെഹന്ദി ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ ആലിയ പങ്കുവെച്ചിരുന്നു.
ഫ്യൂഷിയ പിങ്ക് നിറത്തിലുള്ള ലെഹങ്കയായിരുന്നു ആലിയ മെഹന്ദിക്ക് അണിഞ്ഞത്. മനീഷ് മൽഹോത്രയാണ് ആലിയയ്‌ക്കു വേണ്ടി ഈ സ്‌പെഷ്യൽ വസ്ത്രം ഒരുക്കിയത്. മെഹന്ദി ലുക്കിൽ ആലിയ തെരഞ്ഞെടുത്തത് പൂക്കൾ കൊണ്ടുള്ള വളകളായിരുന്നു. ഫ്‌ലോറൽ ആർട്ട് & ഡിസൈൻ സ്റ്റുഡിയോ എന്ന ലേബലിൽ നിന്നുള്ളതാണ് മനോഹരമായ ബ്രേസ്ലെറ്റുകൾ. ഈ ബ്രേസ്ലെറ്റിലും ഏറെ പ്രത്യേകതകളുണ്ടെന്നാണ് ആർട്ട് സ്റ്റുഡിയോ വ്യക്തമാക്കുന്നത്.
പുതിയ പൂക്കൾ കൊണ്ട് നിർമ്മിച്ചവയാണ് ഇവ. വെള്ളയും മഞ്ഞയും നിറത്തിലുള്ള ബേബിസ് ബ്രീത്ത് പൂക്കളാണ് ഇതിനായി തെരഞ്ഞെടുത്തത്. പൂവിൽ ചെറിയ മുത്തുകളും തുന്നി ചേർത്തിരുന്നു. ഫ്ളോറൽ ബ്രേസ്ലെറ്റ് ഒരു ജോഡിയുടെ വില 2500 രൂപയാണെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം ആലിയയുടെ ലെഹങ്കയും ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്.
ലെഹങ്കയ്‌ക്കായി 180 തുണിതുണ്ടുകൾ ഉപയോഗിച്ചു. മിജ്വാൻ സ്ത്രീകൾ 3000 മണിക്കൂർ കൈപ്പണി ചെയ്താണ് ആലിയയുടെ ലെഹങ്ക അവിസ്മരണീയമാക്കിയത്. കാശ്മീരി-ചിങ്കാരി നൂലുകൾ ഉപയോഗിച്ച് ആലിയയുടെ ജീവിത്തിലെ പ്രധാന ഓർമകളുടെ സങ്കമമാണ് ലെഹങ്കയിൽ അണിയിച്ചൊരിക്കിയിരിക്കുന്നത്.
Comments