ചെന്നൈ: ഭസ്മവും രുദ്രാക്ഷവും ധരിച്ചതിന്റെ പേരിൽ സ്‌കൂൾ അധികൃതർ പീഡിപ്പിക്കുന്നുവെന്ന് 12 വയസ്സുകാരി. തമിഴ്‌നാട്ടിലെ ജൈവബായ് മുൻസിപ്പൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ അധികൃതർക്കെതിരെയാണ് പരാതിയുമായി വിദ്യാർത്ഥിനി എത്തിയിരിക്കുന്നത്. സംഭവത്തിൽ വിദ്യാർത്ഥിനിയുടെ കുടുംബം പോലീസിൽ പരാതി നൽകി. ഭസ്മം ധരിച്ചതിന്റെ പേരിൽ ക്രിസ്ത്യൻ അദ്ധ്യാപകർ തന്നെ അധിക്ഷേപിച്ചുവെന്ന് പെൺകുട്ടി പറയുന്നു.
സംഭവത്തെ കുറിച്ച് പെൺകുട്ടി വിശദീകരിക്കുന്ന വീഡിയോ ഹിന്ദു മുന്നണി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഹിന്ദു ആയതിന്റെ പേരിൽ ക്രിസ്ത്യൻ അദ്ധ്യാപകർ തന്നെ അധിക്ഷേപിച്ചതായി പെൺകുട്ടി വീഡിയോയിൽ വിശദീകരിക്കുന്നു. ക്രിസ്ത്യൻ മതപ്രകാരം കൈകൂപ്പി പ്രാർത്ഥിക്കാൻ അദ്ധ്യാപകർ നിർബന്ധിച്ചു. രുദ്രാക്ഷമാല ധരിച്ചതിന്റെ പേരിലും ഭസ്മക്കുറി ധരിച്ചതിനാലും പീഡിപ്പിക്കപ്പെട്ടതായി പെൺകുട്ടി പറയുന്നു.
‘ഭസ്മം ധരിച്ച കഴുതേ’ എന്ന് അദ്ധ്യാപകർ തന്നെ വിളിച്ചു. പരീക്ഷകളിൽ മാർക്ക് മനഃപ്പൂർവ്വം കുറച്ചുവെന്നും പെൺകുട്ടി പറയുന്നു. സ്‌കൂളിൽ മതപരിവർത്തന രീതികളും ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്ന രീതികളും നടക്കുന്നുവെന്നാരോപിച്ചാണ് രക്ഷിതാക്കൾ പരാതി നൽകിയത്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകരുതെന്ന അപേക്ഷയോടെ അദ്ധ്യാപകർക്കെതിരെ നടപടി വേണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥൻ രമേഷ് പറഞ്ഞു. സ്‌കൂളുകളിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നതായി ഹിന്ദു മുന്നണി ആരോപിച്ചിട്ടുണ്ട്. ”തമിഴ്നാട്ടിലെ എല്ലാ സർക്കാർ സ്‌കൂളുകളിലും നിർബന്ധിത മതപരിവർത്തന അതിക്രമങ്ങൾ നടക്കുന്നുണ്ട്. സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് എന്താണ് ചെയ്യുന്നത്? ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ജനരോഷം പൊട്ടിപ്പുറപ്പെടുമെന്നും ഹിന്ദു മുന്നണി സെക്രട്ടറി സെന്തിൽ കുമാർ പറഞ്ഞു.
















Comments