കോഴിക്കോട്; കലക്ടറേറ്റിൽ ഉച്ചയ്‌ക്ക് രണ്ടരയോടെ മുഴങ്ങിക്കേട്ട സൈറൺ ശബ്ദത്തിൽ ജീവനക്കാർ ഒരു നിമിഷം പകച്ചു. പിന്നാലെ തീപിടിച്ചെന്ന അനൗൺസ്‌മെന്റും. ഇ ബ്ലോക്കിലെ മൂന്നു നിലകളിൽ പ്രവർത്തിക്കുന്ന ഓഫിസുകളിലെ മുഴുവൻ ആളുകളെയും ഉടൻ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. നിമിഷങ്ങൾക്കകം അഗ്നിരക്ഷാസേനയുടെ ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ, ആംബുലൻസ് എന്നിവ രക്ഷാപ്രവർത്തനത്തിനായി സർവസന്നാഹങ്ങളുമായി സ്ഥലത്തെത്തി.
ഇ ബ്ലോക്കിലെ രണ്ടാം നിലയിലെ തീപിടുത്തിൽ പുക ശ്വസിച്ചു ബോധരഹിതരായവരെ കണ്ടെത്തി അവർക്ക് പ്രാഥമികചികിത്സ നൽകി ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതെല്ലാംകണ്ടു നിന്നവർക്ക് ‘തീപിടിത്തം’ മോക്ഡ്രിലാണെന്ന് അറിഞ്ഞതോടെ ഭയം ആശ്വാസത്തിന് വഴിമാറി.
ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെയും അഗ്നിരക്ഷാ സേനയുടെയും നേതൃത്വത്തിലാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്. കൂടുതൽ ജീവനക്കാരുള്ള, കൂടുതൽ ആളുകൾ എത്തുന്ന സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ബഹുനില മന്ദിരത്തിൽ തീപിടിത്തമുണ്ടായാൽ എങ്ങനെ പ്രതികരിക്കണമെന്ന് അവബോധം നൽകുന്നതിനാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്. മോക്ഡ്രില്ലിന് ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഇ അനിതകുമാരി നേതൃത്വം നൽകി. ഡിവിഷണൽ ഫയർ ഓഫീസർ മൂസ വടക്കേതിൽ രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം നടത്തി. പോലീസ്, ആരോഗ്യം, അഗ്‌നിശമന സേന, ആർ.ടി.ഒ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ മോക്ഡ്രില്ലിൽ പങ്കാളികളായി. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം മോക്ഡ്രിൽ നടപടികൾ വിലയിരുത്തി.
Comments