മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്ര കോംപ്ലക്‌സിനുള്ളിലെ ഉച്ചഭാഷിണികള്‍ ഓഫ് ചെയ്ത് വയ്‌ക്കാന്‍ തീരുമാനം. ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാരിന്റെ നിര്‍ദ്ദേശം പരിഗണിച്ചാണ് നീക്കം. ഇത് പ്രകാരമാണ് ക്ഷേത്ര സമുച്ചയത്തിനുള്ളിലെ വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ഉച്ചഭാഷിണികളും മറ്റ് ശബ്ദ സംവിധാനങ്ങളും ഓഫ് ചെയ്യാന്‍ തീരുമാനിച്ചത്.
ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്ര സമുച്ചയത്തിനുള്ളിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്ര മന്ദിരമായ ഭഗവത് ഭവനില്‍ സ്ഥാപിച്ചിരുന്ന ഉച്ചഭാഷിണികള്‍ ബുധനാഴ്ച ഓഫ് ചെയ്തതായി ശ്രീകൃഷ്ണ ജന്മഭൂമി ട്രസ്റ്റ്-ശ്രീകൃഷ്ണ ജന്മസ്ഥാന്‍ സേവാ സന്‍സ്ഥാന്‍ സെക്രട്ടറി കപില്‍ ശര്‍മ്മ പറഞ്ഞു. ക്ഷേത്രത്തിനുള്ളില്‍ വയ്‌ക്കുന്ന പ്രാര്‍ത്ഥനകളുടെ ശബ്ദം ക്ഷേത്ര സമുച്ചയത്തിനുള്ളില്‍ നിന്നും പുറത്ത് കേള്‍ക്കാതിരിക്കാന്‍ വളരെ കുറഞ്ഞ ശബ്ദത്തിലാകും പ്ലേ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെട്ടിടത്തിന് മുകളിലുള്ള ഉച്ചഭാഷിണിയാണ് ഇന്നലെ ഓഫ് ചെയ്തത്. നേരത്തെ രാവിലെയുള്ള മംഗള ആരതി മുതല്‍ എല്ലാ മതപരമായ ചടങ്ങുകളിലും ഉച്ചഭാഷിണി ഉപയോഗിച്ചിരുന്നു. വിവിധ ഭജനും പ്രാര്‍ത്ഥനയുമെല്ലാം പുറത്തേക്കു കൂടി കേള്‍ക്കാനുകുന്ന തരത്തിലാണ് ഇത് സ്ഥാപിച്ചിരുന്നത്.
ഓരോ വ്യക്തികള്‍ക്കും മതപരമായ ആരാധനാരീതികള്‍ പിന്തുടരാനുള്ള അവകാശമുണ്ടെങ്കിലും ഇത്തരം സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ശബ്ദസംവിധാനങ്ങളുടെ ഉപയോഗത്തില്‍ മിതത്വം പാലിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പറഞ്ഞിരുന്നു. ‘ ആരാധനാലയങ്ങളില്‍ മൈക്കുകളും ഉച്ചഭാഷിണികളും എല്ലാം ഉപയോഗിക്കാം. എന്നാല്‍ അവയുടെ ശബ്ദം വലിയ തോതിലാകരുത്. അവയുടെ ഉപയോഗം കൊണ്ട് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും’ യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ആരാധനാലയങ്ങളില്‍ പുതിയതായി ഉച്ചഭാഷിണികള്‍ സ്ഥാപിക്കാനുള്ള അനുമതി ഇനി ഭരണകൂടങ്ങള്‍ നല്‍കരുതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
















Comments