അഹമ്മദാബാദ് : ഗുജറാത്തിലെ സബർമതി ആശ്രമത്തിൽ സന്ദർശനം നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. നാളെയാണ് നിർണായക കൂടിക്കാഴ്ച നടക്കുക. യുക്രെയ്ൻ വിഷയം ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.
ഇന്ന് രാവിലെയോടെ ഗുജറാത്തിലെ അഹമ്മദാബാദിൽ എത്തിയ ബോറിസ് ജോൺസൺ നേരെ സബർമതി ആശ്രത്തിലേക്ക് പോയി. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര ഭായ് പട്ടേലും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ആശ്രമത്തിൽ മഹാത്മാ ഗാന്ധിയുടെ ചിത്രങ്ങൾ സന്ദർശിച്ച ജോൺസൺ ചർക്കയിൽ നൂൽ നൂൽക്കുകയും ചെയ്തു. ആശ്രമത്തിലുള്ള രണ്ട് സ്ത്രീകൾ അദ്ദേഹത്തെ ചർക്ക ഉപയോഗിക്കാൻ പഠിപ്പിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ശ്രദ്ധയോടെ എല്ലാം കേട്ടിരിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയെയും വീഡിയോയിൽ കാണാം.
ഇന്ത്യൻ സ്വാതന്ത്ര്യത്തെ പിന്തുണച്ചിരുന്ന ബ്രിട്ടീഷ് അനുഭാവിയും മഹാത്മാഗാന്ധിയുടെ ശിഷ്യനുമായിരുന്ന മഡലീൻ സ്ലേഡ് (അല്ലെങ്കിൽ മിറാബെൻ) എഴുതിയ ‘ദി സ്പിരിറ്റ്‌സ് പിൽഗ്രിമേജ്’ എന്ന പുസ്തകം ബോറിസ് ജോൺസന് സമ്മാനിച്ചു.
#WATCH | Prime Minister of the United Kingdom Boris Johnson visits Sabarmati Ashram, tries his hands on 'charkha' pic.twitter.com/6RTCpyce3k
— ANI (@ANI) April 21, 2022
ഇന്ന് ഗുജറാത്ത് സന്ദർശിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യയമായുള്ള ശാസ്ത്ര, ആരോഗ്യ, സാങ്കേതിക മേഖലകളിലെ നിക്ഷേപം പ്രഖ്യാപിക്കും. തുടർന്ന് നാളെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയും ബ്രിട്ടനുമായുള്ള സാമ്പത്തിക ഇടപാടുകൾ വർദ്ധിപ്പിക്കാനാണ് ഇരു രാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നത്. അതിനായി സോഫ്റ്റ് വെയർ, ആരോഗ്യം എന്നീ മേഖലകളിൽ 1 ബില്യൺ പൗണ്ട് ബ്രിട്ടൺ നിക്ഷേപിക്കുമെന്നാണ് വിവരം. യുക്രെയ്‌നുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗത്തിൽ ചർച്ചയാകും.
Comments