ബംഗളൂരു :കർണാടകയിൽ ഹിജാബ് വിവാദത്തിന് തിരികൊളുത്തിയ വിദ്യാർത്ഥിനികൾ രണ്ടാം വർഷ പിയു പരീക്ഷകൾ ബഹിഷ്‌കരിച്ചേക്കുമെന്ന് സൂചന. പരീക്ഷയുടെ തലേദിവസവും വിദ്യാർത്ഥിനികൾ ഹാൾടിക്കറ്റ് കൈപ്പറ്റാതിരുന്നതോടെയാണ് ഇതുമായി ബന്ധപ്പെട്ട സൂചനകൾ പുറത്തുവരുന്നത്. വെള്ളിയാഴ്ച മുതലാണ് സംസ്ഥാനത്ത് രണ്ടാം വർഷ പിയു പരീക്ഷകൾ ആരംഭിക്കുന്നത്.
ഉഡുപ്പിയിലെ പിയു കോളേജ് വിദ്യാർത്ഥിനികളായ അൽമാസ് എ എച്ച്, ഹസ്ര ഷിഫ, ആലിയ ആസാദി, ആലിയ ബാനു, റെഷാം എന്നീ വിദ്യാർത്ഥികളാണ് ഹിജാബ് ധരിച്ച് ക്ലാസിൽ ഇരിക്കണമെന്ന ആവശ്യം ആദ്യം ഉയർത്തിയത്. ഇക്കാര്യം ആവശ്യപ്പെട്ട് ഇവർ നൽകിയ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് വിദ്യാർത്ഥിനികൾ പരീക്ഷ എഴുതേണ്ടെന്ന തീരുമാനത്തിൽ എത്തിയിരിക്കുന്നത്.
പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ ഇവർ ഹിജാബ് ധരിച്ച് പരീക്ഷ എഴുതണമെന്ന് പ്രിൻസിപ്പാളിനോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് വിവരം. എന്നാൽ ഇത് നിഷേധിച്ചു. ഇതോടെയാണ് വിദ്യാർത്ഥിനികൾ ഹാൾടിക്കറ്റ് കൈപ്പറ്റാതിരുന്നത്. ഇവർക്ക് പുറമേ കോളേജിലെ സയൻസ് വിഭാഗം വിദ്യാർത്ഥിനിയായ ബീബി ആയിഷയും ഹാൾടിക്കറ്റ് കൈപ്പറ്റിയിട്ടില്ല.
അതേസമയം രാവിലെ എത്തുന്ന വിദ്യാർത്ഥികൾക്ക് ഹാൾടിക്കറ്റ് നൽകുന്നതിൽ തടസ്സമില്ലെന്ന് പ്രിൻസിപ്പാൾ അറിയിച്ചിട്ടുണ്ട്. എന്നാൽ ഹിജാബ് ധരിച്ച് വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്നും പ്രിൻസിപ്പാൾ വ്യക്തമാക്കി.
















Comments