ന്യൂഡൽഹി : ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ വെച്ചാണ് നിർണായക കൂടിക്കാഴ്ച നടക്കുക. ഇന്ത്യയും യുകെയുമായി സ്വതന്ത്ര വ്യാപാരക്കരാറിൽ ഏർപ്പെടാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇന്ന് നടക്കുന്ന യോഗത്തിൽ റഷ്യ-യുക്രെയ്ൻ യുദ്ധം, ഇരു രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാരക്കരാർ, പ്രതിരോധം ഉൾപ്പെടെയുള്ള മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിനായുള്ള രൂപരേഖ തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.
വ്യാഴാഴ്ച രാവിലെയാണ് ഇന്ത്യ സന്ദർശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഗുജറാത്തിൽ എത്തിയത്. വിമാനത്താവളത്തിൽ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ഗവർണർ ആചാര്യ ദേവവ്രതും ചേർന്ന് സ്വീകരിച്ചു. വിമാനത്താവളത്തിൽ അദ്ദേഹത്തിന് ഗംഭീര സ്വീകരണം ഒരുക്കിയിരുന്നു. ഗുജറാത്തിലെത്തുന്ന ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രി കൂടിയാണ് ബോറിസ് ജോൺസൺ.
തുടർന്ന് അഹമ്മദാബാദിലെ സബർമതി ആശ്രമത്തിലും അദ്ദേഹം സന്ദർശനം നടത്തി. ആശ്രമത്തിലെ ചർക്കയിൽ നൂൽ നൂൽക്കാൻ ശ്രമിച്ച അദ്ദേഹം ഇവിടെ വരാൻ കഴിഞ്ഞത് മഹത്തായ ഭാഗ്യം എന്നാണ് സന്ദർശക പുസ്തകത്തിൽ കുറിച്ചത്. ശേഷം അദാനി ഗ്രൂപ്പ് ആസ്ഥാനത്തെത്തി അദ്ദേഹം ചെയർമാൻ ഗൗതം അദാനിയുമായി കൂടിക്കാഴ്‌ച്ചയും നടത്തിയിരുന്നു.
Comments