ന്യൂഡൽഹി: ദിദ്വിന ഇന്ത്യൻ സന്ദർശനത്തിനെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് ഉജ്ജ്വലവരവേൽപ്പ് നൽകി തലസ്ഥാനഗരി. ഇന്നലെ ഗുജറാത്തിലെത്തിയ ബോറിസ് ജോൺസൺ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രേമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കായാണ് ഡൽഹിയിലെത്തിയത്. ഡൽഹിയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ പ്രധാനമന്ത്രി നേരിട്ടെത്തിയാണ് സ്വീകരിച്ചത്.
ഇന്ത്യയുടെ സ്വീകരണത്തിന് ബോറിസ് ജോൺസൺ നന്ദി പ്രകടിപ്പിച്ചു. ഇത്രയും സന്തോഷകരമായ സ്വീകരണം ഞാൻ കണ്ടിട്ടില്ല. ലോകത്ത് മറ്റെവിടേയും എനിക്കിത് ലഭിക്കില്ല.വളരെ ശുഭകരമായ നിമിഷമാണിതെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തെ ദുർബലപ്പെടുത്താനും ന്യായമായ വ്യാപാരം ഇല്ലാതാക്കാനും പരമാധികാരത്തെ ചവിട്ടിമെതിക്കാനും ശ്രമിക്കുന്ന സ്വേച്ഛാധിപത്യ രാജ്യങ്ങളിൽ നിന്ന് ലോകം ഭീഷണികളെ അഭിമുഖീകരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യയുമായുള്ള യുകെയുടെ പങ്കാളിത്തം കൊടുങ്കാറ്റുള്ള കടലിലെ ഒരു വഴിവിളക്കാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് നടക്കുന്ന യോഗത്തിൽ റഷ്യ-യുക്രെയ്ൻ യുദ്ധം, ഇരു രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാരക്കരാർ, പ്രതിരോധം ഉൾപ്പെടെയുള്ള മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിനായുള്ള രൂപരേഖ തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും.ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ വെച്ചാണ് നിർണായക കൂടിക്കാഴ്ച നടക്കുക. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.
Comments