ഇടുക്കി: പൊരിച്ച മീൻ കഴിച്ച വീട്ടമ്മ ഗുരുതരാവസ്ഥയിൽ. ഇടുക്കി തോവാളപ്പടി വല്യാറച്ചിറ പുഷ്പവല്ലി(60)യെ ആണ് മീൻ കഴിച്ചതിന് പിന്നാലെ ശാരീരിക ബുദ്ധിമുട്ടുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മീൻ കഴിച്ചതിന് പിന്നാലെ പുഷ്പവല്ലിയ്‌ക്ക് പരവേശവും തലയിൽ പെരുപ്പും ഉണ്ടായി. നടക്കാൻ കഴിയാതെ വന്നപ്പോൾ വീടിന്റെ ഭിത്തിയിൽ പിടിച്ച് നിരങ്ങി സമീപത്തെ വീട്ടിലെത്തി വിവരം പറയുകയായിരുന്നു.തുടർന്ന് അയൽക്കാർ ചേർന്ന് പുഷ്പവല്ലിയെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിലെത്താൻ വൈകിയതോടെ പുഷ്പവല്ലിയുടെ നഖങ്ങളിലടക്കം നീലനിറം വ്യാപിച്ചു.
സംഭവദിവസം വാഹനത്തിൽ കൊണ്ടുവന്ന കേര മീൻ പുഷ്പവല്ലി വാങ്ങിയിരുന്നുവെന്നാണ് വിവരം. അയൽവാസികളും മീൻ വാങ്ങിയെങ്കിലും വീട്ടമ്മയ്‌ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനാൽ കളയുകയായിരുന്നു.സംഭവത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് സ്ഥലത്തെത്തി പുഷ്പവല്ലിയിൽ നിന്നും വിവരങ്ങൾ തേടി.
കഴിഞ്ഞയാഴ്ച തൂക്കുപാലം മേഖലയിൽ പച്ചമീൻ മത്സ്യാവശിഷ്ടം കഴിച്ച് പൂച്ചകൾ ചത്തിരുന്നു. പച്ചമീൻ കഴിച്ച കുട്ടികൾക്ക് വയറുവേദനയും ഉണ്ടായിരുന്നു.
ഇതേ തുടർന്ന് ഭക്ഷ്യ സുരക്ഷാ പരിശോധന ശക്തമാക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകിയിരുന്നു.ആറു സ്ഥലങ്ങളിലായി നടന്ന റെയ്ഡിൽ പഴകിയ 25 കിലോ മത്സ്യമാണ് പിടിച്ചെടുത്തത്.
















Comments