ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉറ്റ ചങ്ങാതിയെന്ന് വിളിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്തിൽ തനിക്ക് നൽകിയ വമ്പൻ സ്വീകരണത്തിന് നന്ദി അറിയിക്കുന്നതായി ബോറിസ് ജോൺസൺ പറഞ്ഞു. ഇന്ത്യക്കാർ തന്നെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിനേയും മെഗാസ്റ്റാർ അമിതാഭ് ബച്ചനേയും പോലെ പരിഗണിച്ചുവെന്നും ബോറിസ് ജോൺസൺ വ്യക്തമാക്കി.
‘എന്റെ സുഹൃത്ത്, പ്രധാനമന്ത്രി നരേന്ദ്ര, എന്റെ സ്പെഷ്യൽ ഫ്രണ്ട്… നിങ്ങളിവിടെ എനിക്ക് അതിശയകരമായ സ്വീകരണമാണ് നൽകിയത്. ഇന്ത്യയിൽ വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് ഞാനിവിടെ ചെലവഴിച്ചത്. അങ്ങനെ ഞാൻ ഗുജറാത്ത് സന്ദർശിക്കുന്ന ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി. എനിക്ക് സച്ചിൻ ടെണ്ടുൽക്കറേയും അമിതാഭ് ബച്ചനേയും പോലെ തോന്നി. എല്ലായിടത്തും എന്റെ ചിത്രങ്ങൾ കാണപ്പെട്ടു. എനിക്കിത് വിചിത്ര അനുഭവമായിരുന്നു’ ബോറിസ് ജോൺസൺ പറഞ്ഞു.
ഈ വർഷം ദീപാവലിയോടെ ഇന്ത്യയും യു.കെയും സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെക്കാനുള്ള പാതയിലാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇപ്പോഴാണ് ഏറ്റവും മികച്ച അവസ്ഥയിലുള്ളത്. പ്രതിസന്ധിയുടെ കാലഘട്ടത്തിൽ ഇന്ത്യ-യു.കെ ബന്ധം പ്രതീക്ഷ നൽകുന്നതാണെന്നും ബോറിസ് ജോൺസൺ പറഞ്ഞു. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് ബോറിസ് ജോൺസൺ ഇന്ത്യയിലെത്തിയത്.
Comments