ന്യൂഡൽഹി: രാജ്യത്തിന് പുറത്തുനിന്നുകൊണ്ട് അഖണ്ഡതയെ തകർക്കാൻ നോക്കുന്ന ഖാലിസ്താൻ വിഘടനവാദികളെ സംയുക്തമായി നേരിടാനൊരുങ്ങി ഇന്ത്യയും ബ്രിട്ടണും. ഇന്ത്യക്കെതിരെ പഞ്ചാബ് കേന്ദ്രീകരിച്ചും പാകിസ്താൻ കേന്ദ്രീകരിച്ചും വിഘടനവാദവും അന്താരാഷ്‌ട്ര ഭീകരരേയും നിയന്ത്രിക്കുന്ന ഖാലിസ്താനെതിരെയാണ് ബ്രിട്ടണും നീങ്ങാനൊരുങ്ങുന്നത്. ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരെ കുരുക്കാൻ വിഘടനവാദ-വിരുദ്ധ സേന രൂപീകരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഉറപ്പുനൽകി.
ഇരുരാജ്യങ്ങളും രാജ്യവിരുദ്ധ വിഘടനവാദി ശക്തികളെ കർശനമായി നേരിടണമെന്ന ഒരേ മനസ്സോടെയാണ് പ്രവർത്തിക്കുന്നത്. ഇന്ത്യക്ക് ഭീഷണിയാകുന്ന ഒരു ശക്തിയേയും ബ്രിട്ടണിൽ വളരാൻ അനുവദിക്കില്ല. ഇരുരാജ്യങ്ങളും ശക്തമായ വിഘടനവാദ വിരുദ്ധ നിയമങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചുവെന്നും ബോറിസ് ജോൺസൻ അറിയിച്ചു.
ഖാലിസ്താൻ വിഘടനവാദികൾ നിലവിൽ ലണ്ടനിലും കാനഡയിലും കേന്ദ്രീകരിച്ചാണ് ഇന്ത്യാ വിരുദ്ധ നീക്കങ്ങൾ നടത്തുന്നത്. വിദേശത്തിരുന്നുകൊണ്ട് ഇന്ത്യക്കെതിരെ നടത്തുന്ന നീക്കങ്ങളെ അതാത് രാജ്യത്തെ നിയമത്തിന്റെ സുരക്ഷ ഉപയോഗിച്ചാണ് ഭീകരർ മുതലാക്കുന്നത്. ഇന്ത്യ-ബ്രിട്ടീഷ് ബന്ധം ശക്തമാക്കുന്നതിന്റെ മുൻ ഉപാധിയെന്ന നിലയിൽ ഇന്ത്യ മുന്നോട്ട് വെച്ചതിൽ ഒരു നയം ഖാലിസ്താനേയും പാകിസ്താനേയും പിന്തുണയ്‌ക്കുന്ന എല്ലാ നയങ്ങളിൽ നിന്നും ബ്രിട്ടൺ പരമാവധി അകലം പാലിക്കണമെന്നതായിരുന്നു.
ഖാലിസ്താൻ വിഷയങ്ങൾക്കൊപ്പം വൻകള്ളപ്പണ തട്ടിപ്പു നടത്തി നാടുവിട്ട നീരവ് മോദി, വിജയ് മല്യ എന്നിവരെ ഇന്ത്യയിലെത്തിക്കുന്ന വിഷയത്തിലും നിർണ്ണായക ധാരണയിലെത്തിയെന്നും വിദേശകാര്യവകുപ്പ് അറിയിച്ചു.
















Comments