ചെന്നൈ: ഒരിടവേളയ്‌ക്ക് ശേഷം രാജ്യത്ത് കൊറോണ വ്യാപനം വീണ്ടും തലപൊക്കിയിരിക്കുകയാണ്. പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിലാണ് നിലവിൽ കൊറോണ വ്യാപനം ഗണ്യമായി ഉയരുന്നത്. ഇപ്പോഴിതാ തമിഴ്‌നാട്ടിലും വൈറസ് വ്യാപനം ഉയരുന്നതായി റിപ്പോർട്ടുകൾ പുറത്തുവരികയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് മാസ്‌ക് നിർബന്ധമാക്കിയിരിക്കുകയാണ്. നിയമം ലംഘിക്കുന്നവർ 500 രൂപ പിഴയടയ്‌ക്കണമെന്ന് ഭരണകൂടം അറിയിച്ചു.
‘പൊതു ഇടങ്ങളിൽ മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്താൻ പോലീസിനും, മറ്റ് ഉന്നത അധികാരികൾക്കും നിർദ്ദേശം നൽകി കഴിഞ്ഞു. 500 രൂപയാണ് പിഴ ഈടാക്കുക’ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനായ ജെ.രാധാകൃഷ്ണൻ അറിയിച്ചു.
തമിഴ്‌നാട്ടിൽ കൊറോണ വ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ വൈറസ് വ്യാപനം ഉയർന്നതോടെ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്. അതേസമയം, കൊറോണ വ്യാപനം ആരംഭിച്ച് നിയന്ത്രണങ്ങൾ കടുപ്പിച്ചതിന് ശേഷം 60 ലക്ഷം ആളുകളിൽ നിന്നായി 110 കോടി രൂപയാണ് പിഴ തുകയായി സർക്കാരിന് ലഭിച്ചതെന്ന് രാധാകൃഷ്ണൻ വ്യക്തമാക്കി.
Comments