ന്യൂഡല്‍ഹി: കേരളത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) സ്ഥാപിക്കാന്‍ ശുപാര്‍ശ ചെയ്ത് കേന്ദ്ര ആരോഗ്യമന്ത്രാലയം. കെ.മുരളീധരന്‍ എംപിക്ക് നല്‍കിയ മറുപടിയിലാണ് മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. ഇതിനായി തത്വത്തിലുള്ള അംഗീകാരം ധനമന്ത്രാലയത്തിന് കൈമാറി. ധനമന്ത്രാലയമാണ് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത്.
കേന്ദ്ര ആരോഗ്യസഹമന്ത്രി ഭാരതി പ്രവീണ്‍ പവാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിനുള്ള എയിംസ് കേന്ദ്ര സര്‍ക്കാരിന്റെ സജീവ പരിഗണനയിലുള്ള വിഷയമാണ്. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പ്രകാരം എല്ലാ സംസ്ഥാനങ്ങളിലും എയിംസ് സ്ഥാപിക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നയമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. കേരളത്തിനും ഇതുമായി ബന്ധപ്പെട്ട കത്ത് കേന്ദ്രം കൈമാറിയിട്ടുണ്ട്.
എയിംസ് സ്ഥാപിക്കുന്നതിന് വേണ്ടി നാലു സ്ഥലങ്ങളാണ് കേരളം നിര്‍ദ്ദേശിച്ചിട്ടുള്ളത്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് ജില്ലകളിലെ സ്ഥലങ്ങളാണ് എയിംസിനായി കേരളം കണ്ടുവച്ചിരിക്കുന്നത്. ആരോഗ്യമന്ത്രാലയത്തിന്റെ വിദഗ്ധ സമിതിയാകും അന്തിമ പരിശോധന നടത്തി സ്ഥലം സംബന്ധിച്ച തീരുമാനം എടുക്കുന്നത്. 2014ല്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെ എല്ലാ സംസ്ഥാനങ്ങളിലും എയിംസ് സ്ഥാപിക്കുമെന്ന് എന്‍ഡിഎ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
Comments